ഞാനൊരു പച്ചമനുഷ്യനാണ് അതിനാൽ പെട്ടെന്ന് ദേഷ്യം വരും: സുരേഷ്‌ഗോപി
Kerala News
ഞാനൊരു പച്ചമനുഷ്യനാണ് അതിനാൽ പെട്ടെന്ന് ദേഷ്യം വരും: സുരേഷ്‌ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 9:46 am

തിരുവനന്തപുരം: താൻ ആക്ഷൻ ഹീറോയില്ലെന്നും ഒരു പച്ചമനുഷ്യനായതിനാലാണ് പെട്ടന്ന് ദേഷ്യം വരുന്നതെന്നും കേന്ദ്ര മന്ത്രിയും സിനിമ താരവുമായ സുരേഷ്‌ഗോപി. മനോരമ ന്യൂസ് കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ചടങ്ങിലെ മുഖ്യ അതിഥിയായിരുന്നു സുരേഷ്‌ഗോപി. മാറ്റം ഉണ്ടാക്കുന്നവർ എന്ന വിഷയമായിരുന്നു കോൺക്ലേവിന്റെ ചർച്ചാവിഷയം.

മാറ്റത്തെക്കുറിച്ച് സംസാരിച്ച സുരേഷ്‌ഗോപി തന്റെ ജീവിതത്തിലെ ആദ്യത്തെ കോൺക്ലേവ് ആണ് ഇതെന്നും തന്റെ ജീവിതത്തിലെ വലിയ മാറ്റമാണ് ഇതെന്നും പറഞ്ഞു. 2014 ൽ രാജ്യത്ത് സംഭവിച്ച മാറ്റം ഇന്ന് വലിയ മാറ്റത്തിന്റെ കൊടുങ്കാറ്റായി ജനങ്ങളിൽ എത്തിയിട്ടുണ്ടെന്നും അതിൽ താൻ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളോട് കലിപ്പിലാണോയെന്ന അവതാരികയുടെ ചോദ്യത്തിന് ന്യായമല്ലാത്ത എതിരൊലിയുമായി ആര് വന്നാലും താൻ ഇനിയും കലിപ്പിൽ തന്നെ ആയിരിക്കുമെന്ന് സുരേഷ്‌ഗോപി മറുപടി നൽകി.

‘ആരോപങ്ങളിൽ ന്യായമുണ്ടാകണം, എന്നോട് ചോദിക്കപ്പെടേണ്ട ചോദ്യങ്ങളിൽ ന്യായമുണ്ടാകണം. ചോദ്യം ഉന്നയിക്കേണ്ട മുഹൂർത്തത്തിന് ന്യായമുണ്ടായിരിക്കണം. ഞാൻ ഒരു പച്ച മനുഷ്യനാണ്. ന്യായമല്ലാത്ത എതിരൊലിയുമായി ആര് വന്നാലും ഞാൻ ഇനിയും കലിപ്പിലായിരിക്കും,’ സുരേഷ് ഗോപി പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ശബ്ദത്തെ താൻ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജനങ്ങൾ അറിയേണ്ട ചോദ്യങ്ങൾ പൊലീസ് ചോദിക്കും കോടതി ചോദിക്കും മാധ്യമപ്രവർത്തകർക്ക് കോടതിയാകാനും പറ്റില്ല ജഡ്ജ് ആകാനും പറ്റില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരം നല്കാൻ ഞാൻ ബാധ്യസ്ഥനല്ല,’ സുരേഷ് ഗോപി പറഞ്ഞു.

തന്റെ വിജയം കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റമായി പരിണമിച്ച നിശ്ചയദാർഢ്യത്തിന്റെ വിജയമാണെന്നും ജയിക്കുന്നെങ്കിൽ അത് താമര ചിഹ്നത്തിൽ മാത്രമെന്ന് താൻ ഉറപ്പിച്ചിരുന്നെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഒപ്പം മന്ത്രിയാണെങ്കിലും മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല താനെന്നും സിനിമ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേമ കമ്മീഷന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് ചക്കളത്തിപ്പോരാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: i am a normal human being so i  get angry easily; suresh gopi