മുംബൈ എന്റര്‍ടൈന്മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാളി
Film News
മുംബൈ എന്റര്‍ടൈന്മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd January 2025, 5:52 pm

മുംബൈയിലെ പ്രശസ്തമായ ചലച്ചിത്രോത്സവങ്ങളിലൊന്നാണ് മുംബൈ എന്റര്‍ടൈന്മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. 2014 മുതല്‍ ആരംഭിച്ച ചലച്ചിത്രോത്സവത്തിന്റെ 11ാമത് എഡിഷന്‍ അടുത്തിടെ അവസാനിച്ചിരുന്നു. മേളയില്‍ മികച്ച സംവിധായകനായി മലയാളിയായ രാജു ചന്ദ്ര തെരഞ്ഞെടുക്കപ്പെട്ടു.

വയക്കോടന്‍ ഫിലിംസിന്റെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച  ഐ ആം എ ഫാദര്‍ എന്ന ചിത്രമാണ് രാജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യക്കു പുറത്തും നിരവധി അംഗീകാരങ്ങള്‍ സിനിമയെ തേടിയെത്തി. അടുത്തിടെ തമിഴിലും മലയാളത്തിലും ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും ഛായഗ്രഹണം, സഹ നിര്‍മാണം ( പ്ലാന്‍ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ) എന്നിവ നിര്‍വഹിച്ചതും രാജു ചന്ദ്രയാണ്. സ്വീഡന്‍ ഫിലിം ഫെസ്റ്റിവല്‍, പാരിസ് ഫിലിം ഫെസ്റ്റിവല്‍, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോള്‍ഡന്‍ ഫെമി ഫിലിം ഫെസ്റ്റിവല്‍ (യൂറോപ്പ്) എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും പല പുരസ്‌കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്. മഹീന്‍, മധുസൂദനനന്‍, അക്ഷര രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: I Am A Father movie won best director in Mumbai International Film Festival