മുംബൈ: താന്‍ എപ്പോഴും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനപ്പുറത്തേക്ക് നീങ്ങാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍.
മുംബൈയില്‍ ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവിനിടയാണ് അജിത്ത് പവാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ നിലവില്‍ അംഗമായിരിക്കുന്ന മഹായുതി സഖ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004ല്‍ എന്‍.സി.പിക്ക് മുഖ്യമന്ത്രി പദം ലഭിക്കാനുള്ള അവസരമുണ്ടായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസിന് ആ അവസരം പാര്‍ട്ടി വിട്ടുനല്‍കുകയായിരുന്നെന്നും അജിത്ത് പവാര്‍ തന്റെ സംസാരത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി.
‘എനിക്ക് മുഖ്യമന്ത്രിയാവണമെന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. കാരണം എനിക്കതിനുള്ള അവസരം ലഭിക്കുന്നില്ല. 2004ല്‍ എന്‍.സി.പിക്ക് അതിനുള്ള അവസരം കിട്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അതിനുള്ള അവസരം പാഴാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 2019ല്‍ ബി.ജെ.പി മത്സരിച്ച അതേ സീറ്റുകളില്‍ തന്നെ അവര്‍ മത്സരിക്കും.
എന്‍.സി.പിയും കോണ്‍ഗ്രസും അങ്ങനെത്തന്നെ ചെയ്യും. അങ്ങനെ ഞങ്ങള്‍ 200 സീറ്റുകള്‍ നേടും. ബാക്കിവരുന്ന 88 സീറ്റുകള്‍ സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ നേടും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി സംസാരിക്കുകയുണ്ടായി. അവരെക്കൂടാതെ മറ്റുള്ളവര്‍ എന്ത് പറയുമെന്ന് കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ല. മഹായുതി സഖ്യവുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വിജയത്തിനായി പ്രയത്‌നിക്കും,’ അജിത്ത് പവാര്‍ പറഞ്ഞു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സഖ്യത്തിന്റെ പരാജയത്തിന് കാരണം എന്‍.സി.പിയുമായുള്ള സഖ്യവും അവര്‍ക്കെതിരായ അഴിമതി ആരോപണവുമാണെന്നും എഴുതിയ ആര്‍.എസ്.എസ് ജേണലിനെക്കുറിച്ച് കോണ്‍ക്ലേവില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ തനിക്കെതിരായ അഴിമതി ആരോപണങ്ങളൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് അജിത് പവാര്‍ പ്രതികരിച്ചത്.
2004 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി 71 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സഖ്യകക്ഷിയായ കോണ്‍ഗ്രസിലെ വിലാസ് റാവു ദേശ്മുഖ് മുഖ്യമന്ത്രിയാവുകയായിരുന്നു. അഞ്ച് തവണയാണ് അജിത്ത് പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായത്.
Content Highlight: I always wanted to become CM, But end up as deputy, says Ajit Pawar