ന്യൂദല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി.
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതായി അറിയിച്ചുകൊണ്ട് മാര്‍ച്ച് 17 ന് തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ ജാന്‍വി ബെഹലാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കത്ത് ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് നടപടിയൊന്നും എടുത്തുകണ്ടില്ലെന്നും ജാന്‍വി പറയുന്നു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ജാന്‍വി പറയുന്നു.
സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.
കേസില്‍ 40 തോളം പേരെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക സംഘം രൂപീകരിച്ചാണ് ദല്‍ഹി പൊലീസിന്റെ അന്വേഷണം. വാട്ട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യങ്ങളിലൂടെയുള്ള ചോര്‍ത്തല്‍ ആയിതനാല്‍ കുറ്റം ഐ.ടി നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകളാണ് റദ്ദാക്കിയത്. 10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ പരീക്ഷാ തിയ്യതി തിങ്കാളാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും.
Watch DoolNews Video