| Friday, 30th June 2023, 11:49 pm

ആദ്യ സിനിമയില്‍ ഞാന്‍ അഭിനയിച്ചത് സംവിധായകന്‍ പോലും അറിഞ്ഞിട്ടില്ല: കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

50 വര്‍ഷത്തോളമായി മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കബീര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ലൈവ് പ്രൊഡ്യൂസര്‍, നടന്‍ എന്നീ മേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന കബീര്‍ ആലപ്പുഴ സ്വദേശിയാണ്. താന്‍ ആദ്യമായി അഭിനയിച്ച സിനിമയിലെത്തിയ കഥ പറയുകയാണ് ഇപ്പോള്‍ കബീര്‍. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ആദ്യമായി സിനിമയിലെത്തിയ കഥ പറയുന്നത്.

‘ഞാന്‍ ആലപ്പുഴ സ്വദേശിയാണ്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ സിനിമ മോഹങ്ങളുമായി നടന്ന ഒരാളാണ് ഞാന്‍. ആലപ്പുഴയില്‍ ഒരുപാട് സിനിമ തിയേറ്ററുകളുണ്ടായിരുന്നു. സുബ്ബമ്മ, ശ്രീകൃഷ്ണ, ശാന്തി എന്നൊക്കെ പേരുള്ള ഒരുപാട് തിയേറ്ററുകളുണ്ട്. ശാന്തി തിയേറ്ററിന്റെ അന്നത്തെ പേര് ചെമ്പക എന്നായിരുന്നു.

മലയാള സിനിമകള്‍ വളരെ ചുരുക്കമായിരുന്നു അന്നത്തെ കാലത്ത്. തമിഴ് സിനിമകളായിരുന്നു അവിടെ കൂടുതലും പ്രദര്‍ശിപ്പിച്ചിരുന്നത്. ശിവാജി ഗണേഷിന്റെയും എം.ജി.ആറിന്റെയും മുത്തുരാമന്റെയുമൊക്കെ സിനിമകളായിരുന്നു. ആ സിനിമകളൊക്കെ കാണാന്‍ ഞാന്‍ പോകുമായിരുന്നു. ആ സിനിമകളൊക്കെ കണ്ട് വന്നതിന് ശേഷം അതിലെ ആക്ടേഴ്‌സിനെ ഞാന്‍ അനുകരിക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ മിമിക്രിയും നാടകങ്ങളുമൊക്കെ അവതരിപ്പിച്ചിരുന്നു.

എന്റെ വീടിന് നേരെ ഓപ്പോസിറ്റുള്ള കനാലിന്റെ അടുത്ത് ആസ്പിന്‍വാള്‍ എന്നൊരു കമ്പനിയുണ്ട്. ഒരു ദിവസം അതിന്റെ മുന്നിലൂടെ ഒരു ലോറിയില്‍ ക്യാമറയും മറ്റുമൊക്കെയായി പോകുന്നത് കണ്ടു. അതിന് പിറകിലായി ഒരു ജാഥയും വരുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ കൂട്ടം കണ്ട് ഞാനും ജാഥക്കടുത്തേക്ക് ഓടിയെത്തി. ജാഥയില്‍ നോക്കുമ്പോള്‍ അന്നത്തെ താരങ്ങളായ പി.ജെ.ആന്റണിയും കവിയൂര്‍ പൊന്നമ്മയും വേറെകുറെ നടീനടന്‍മാരുമുണ്ട്. സംവിധായകന്‍ മണിയുടെ ക്രോസ് ബെല്‍റ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങായിരുന്നു അത്.

ജാഥ മുന്നോട്ട് മുന്നോട്ട് പോകുമ്പോള്‍ ആളുകളൊക്കെ പാട്ടുപാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ജാഥയിലേക്ക് തള്ളിക്കയറുന്നുണ്ടായിരുന്നു. ഞാനും ആ കൂട്ടത്തില്‍ തള്ളിക്കയറി ജാഥയില്‍ നിന്നു. ഇതെല്ലാം കഴിഞ്ഞ് കുറെ നാളുകള്‍ക്ക് ശേഷം ആ പടം റിലീസ് ചെയ്തു. തിയേറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ ആ പടത്തിനകത്ത് ഞാനുമുണ്ട്. അങ്ങനെയാണ് ആരും വിളിക്കാതെ ഞാന്‍ സിനിമക്കകത്ത് എത്തുന്നത്. ആരു വിളിക്കാതെ ഓടിക്കയറിയ ആളാണ്. ആ സിനിമയുടെ സംവിധായകന്‍ മണിസാറ് പോലും അറിഞ്ഞിട്ടില്ല ഇങ്ങനൊരാള്‍ ആ സിനിമയില്‍ അഭിനയിച്ചത്. അതാണ് എന്റെ സിനിമയുടെ തുടക്കം,’ കബീര്‍ പറഞ്ഞു.

content highlights: I acted in the movie Cross Belt and even the director didn’t know it; kabeer

We use cookies to give you the best possible experience. Learn more