| Tuesday, 31st July 2012, 9:17 am

എന്തിനാണോ ഇവിടെ വന്നത്, അത് ഞാന്‍ നേടി: ഗഗന്‍ നാരംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടിയതിന്റെ സന്തോഷം ഗഗന്റെ മുഖത്ത് കാണാനുണ്ട്. ആ സന്തോഷം ഗഗന്‍ ഒട്ടും മറച്ചുവയ്ക്കുന്നില്ല. താന്‍ എന്തിനുവേണ്ടിയാണോ ഇവിടെ വന്നത് അത് നേടി എന്നായിരുന്നു മത്സരഫലം വന്നതിനുശേഷമുള്ള ഗഗന്റെ ആദ്യത്തെ പ്രതികരണം. []

“”വെങ്കലമെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. എന്തുപ്രതീക്ഷിച്ചാണോ ഇവിടെ വന്നത് അത് ഞാന്‍ നേടി. മത്സരം ഏറെ മികച്ചതായിരുന്നു. എങ്കിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. എങ്കിലും വളരെയേറെ ആകാംഷയോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടും എന്ന് ഉറപ്പിച്ചൊന്നുമല്ല ഇങ്ങോട്ട് വന്നത്. എങ്കിലും മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നു””- നാരംഗ് പറഞ്ഞു.

ഒളിമ്പിക്‌സില്‍ ഇന്ന് മൂന്നാം തവണയാണ് എയര്‍ റൈഫിളില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2004 ല്‍ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ വെള്ളി മെഡലും 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണവും നേടിയപ്പോള്‍ ഇത്തവണ ആ പട്ടികയിലേക്ക് ഒരു മെഡല്‍കൂടി കൂട്ടിച്ചേര്‍ക്കാന്‍ നാരംഗിനായി.

ഒരാള്‍ സ്വര്‍ണം നേടി മറ്റൊരാള്‍ വെള്ളിയും നേടി ഇനി വെങ്കലത്തിന്റെ കുറവുണ്ടായിരുന്നു.ആ കുറവ് ഞാന്‍ നികത്തി ചിരിയോടെ നാരംഗ് പറഞ്ഞു.

ഫൈനലില്‍ 701.1 പോയിന്റോടെയാണ് ഗഗന്‍ വെങ്കലമണിഞ്ഞത്. ഗഗന്റെ ആദ്യ ഒളിമ്പിക് മെഡലാണിത്. ഗഗന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് സ്വര്‍ണവും നേടിയിട്ടുണ്ട്.

മത്സരത്തില്‍ റുമാനിയയുടെ അലിന്‍ ജോര്‍ജ് മൊല്‍ഡൊവെനുവാണ് സ്വര്‍ണമണിഞ്ഞത്. ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനിക്കാണ് വെള്ളി. അലിന്‍ ജോര്‍ജ് മൊല്‍ഡൊവെ 702.1 പോയിന്റ് നേടിയപ്പോള്‍  നിക്കോളൊ കാംപ്രിയാനി 701.5 പോയിന്റ് നേടി. യോഗ്യതാറൗണ്ടില്‍ ഗഗന്‍ 598 പോയിന്റ് നേടിയപ്പോള്‍ സ്വര്‍ണം നേടിയ അലിന്‍ ജോര്‍ജും വെള്ളി നേടിയ കംപ്രിയാനിയും 599 പോയിന്റ് വീതം നേടി ഒളിമ്പിക് റെക്കോഡിനൊപ്പമെത്തി.

അതേസമയം ബെയ്ജിങ്ങില്‍ സുവര്‍ണതാരമായ അഭിനവ് ബിന്ദ്രയ്ക്ക് ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. അഭിനവ് ബിന്ദ്ര യോഗ്യതാറൗണ്ടില്‍ പതിനാറാമനായാണ് ഫിനിഷ് ചെയ്തത്. മൂന്ന്, നാല് റൗണ്ടുകളില്‍ മാത്രമാണ് ബിന്ദ്രക്ക് മുഴുവന്‍ പോയിന്റും നേടാന്‍ കഴിഞ്ഞത്. ഒന്ന്, രണ്ട്, അഞ്ച് റൗണ്ടുകളില്‍ 99 പോയിന്റും ആറാമത്തെ റൗണ്ടില്‍ 97 പോയിന്റുമാണ് ബിന്ദ്ര നേടിയത്.

We use cookies to give you the best possible experience. Learn more