ന്യൂദല്‍ഹി: സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് നേതൃത്വം തോല്‍വി അംഗീകരിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇന്ത്യന്‍ എകസ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് പൂര്‍ണ്ണ ശക്തിയോടെയാണെന്നും പരാജയവാദ മനോഭാവത്തോടെ അല്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ഞങ്ങളുടെ കേന്ദ്ര നേതാക്കളില്‍ പലരും ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രചാരണം നടത്തിയിട്ടില്ല. അത് സമ്മതിക്കുന്നു.
ഞങ്ങള്‍ ആ രീതിയില്‍ പ്രചാരണം നടത്തിയിരുന്നെങ്കില്‍, ഫലം വ്യത്യസ്തമാകുമായിരുന്നു.
പ്രാദേശിക നേതൃത്വം ആവശ്യമായ ധൈര്യവും ആര്‍ജ്ജവവും കാണിക്കേണ്ടതായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ കടമ നിര്‍വഹിക്കുമെന്ന് പറഞ്ഞ് അവര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കണം. ഞങ്ങള്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അങ്ങനെ എല്ലാ ശക്തിയോടും പോരാടുകയും പിന്തുണ ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യേണ്ടിയിരുന്നു.
എന്നാല്‍ അത് സംഭവിച്ചില്ല. തെരഞ്ഞെടുപ്പില്‍ എന്തായാലും തോല്‍ക്കുമെന്ന ഒരു മുന്‍വിധി കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നു. നമ്മള്‍ സ്വയം അങ്ങനെ ചിന്തിച്ചത് വലിയ മണ്ടത്തരമായി. ഇതെല്ലാം തിരുത്തി എല്ലാ ശക്തിയോടെയും തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
”പൊതുജനങ്ങളുടെ മാനസികാവസ്ഥ എപ്പോള്‍ മാറുമെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. ഇന്ദിരാ ഗാന്ധിയുടെ കാര്യത്തില്‍ ജനങ്ങള്‍ മാറിച്ചിന്തിച്ചിരുന്നു. മോദിയുടെ കാര്യത്തിലും ഇത് സംഭവിക്കാം. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ധൈര്യം കാണിക്കണം. തോല്‍വികളും വിജയങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ് ”-അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയില്‍ ആളുകള്‍ അസ്വസ്ഥരാണ്. അവര്‍ ദു:ഖിതരാണ്. ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലിറങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തില്‍ ഒരു പ്രക്ഷോഭം ആരംഭിക്കുമ്പോള്‍, ഇപ്പോള്‍ സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയും ആദായനികുതി വകുപ്പും എന്‍ഫോഴ്‌സമെന്റ് ഡിപാര്‍മെന്റും സി.ബി.ഐയും അവരുടെ രീതി മാറ്റും. നിലവിലെ അവസ്ഥ മാറുമ്പോള്‍ പൊതുജനങ്ങളുടെ മാനസികാവസ്ഥയിലും മാറ്റം വരും.
എപ്പോള്‍ വേണമെങ്കിലും ഒരു മാറ്റം ഉണ്ടാകാമെന്ന് ബ്യൂറോക്രാറ്റുകളും ഏജന്‍സികളും മനസ്സിലാക്കും. ഇപ്പോള്‍ രാജ്യം ഒരു പ്രത്യേക ദിശയിലേക്ക് പോകുകയാണ്. നിങ്ങള്‍ ജുഡീഷ്യറിയെ നോക്കൂ. ജുഡീഷ്യറി ഈ രീതിയില്‍ പെരുമാറുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല- ഗെഹ്‌ലോട്ട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പിന്നിലെ യുക്തിയേയും അദ്ദേഹം ചോദ്യം ചെയ്തു.
ഇത്രയും ചെറിയ സംസ്ഥാനത്ത് അഞ്ച് ഘട്ട തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ല. മോദി ഭരണത്തില്‍ എല്ലാ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ ആശങ്കാജനകമാണ്. ജനങ്ങളെല്ലാം കടുത്ത നിരാശയിലും പ്രതിസന്ധിയിലുമാണ്.
ബിസിനസ്സുകളും വ്യവസായങ്ങളും നശിച്ചു. ഓട്ടോമൊബൈല്‍ മേഖലയിലും റിയല്‍ എസ്റ്റേറ്റിലും ചെറുകിട വ്യാപാര കേന്ദ്രങ്ങളിലും ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം മറുപടി നല്‍കണമെന്ന് ജനങ്ങള്‍ക്കുണ്ട്. അതേസമയം തന്നെ ഇവിടെ ഭയത്തിന്റെ അന്തരീക്ഷവും നിലനില്‍ക്കുന്നു. ജനാധിപത്യത്തില്‍ അത് ഉണ്ടാകരുത്- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും തങ്ങള്‍ക്ക് മേല്‍ ഏജന്‍സികള്‍ പിടിമുറുക്കുമെന്ന ഭയം അവരെ വേട്ടയാടുന്നുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ആര്‍.എസ്.എസിനെതിരെയും ഗെഹ്‌ലോട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ബി.ജെ.പിക്കൊപ്പം ആര്‍.എസ്.എസ് ഭരണഘടനാ അധികാരം കയ്യാളുകയാണെന്നും മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് ഒരക്ഷരം പോലും എഴുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ നിയമിക്കുന്നതിന് മുമ്പ് കേന്ദ്രം ആര്‍.എസ്.എസിനെ സമീപിക്കുന്നു. ഓരോ മന്ത്രിക്കും ഒരു ആര്‍.എസ്.എസ് വ്യക്തിയുണ്ട്. അവര്‍ ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്- ഗെഹ്‌ലോട്ട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ