പുറത്തിറങ്ങി ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചു കോംപാക്ട് എസ്.യു.വി ക്രേറ്റയുടെ സ്‌പെഷ്യല്‍ എഡിഷനുമായി ഹ്യുണ്ടായ്. വൈകാതെ ഈ വാഹനം വില്‍പ്പനയ്‌ക്കെത്തും. കഴിഞ്ഞ ആഴ്ച രാജ്യാന്തര ബാഡ്മിറ്റന്‍ താരം സൈന നെഹ്‌വാളിനു കമ്പനി ക്രേറ്റയുടെ വാര്‍ഷിക പതിപ്പ് സമ്മാനിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ക്രേറ്റ, ഹ്യുണ്ടായിയുടെ ജനപ്രീതിയാര്‍ജിച്ച മോഡലാണ്. പോരെങ്കില്‍ വില്‍പ്പനയ്‌ക്കെത്തിയ വിദേശ വിപണികളിലും ഉജ്വല വരവേല്‍പ്പാണു ക്രേറ്റ നേടിയത്. മറ്റു പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാവും ക്രേറ്റ ആനിവേഴ്‌സറി എഡീഷന്റെയും വരവ്.
എന്നാല്‍ ബോഡിയില്‍ മാറ്റങ്ങളുണ്ടാകും. പില്ലറുകള്‍ക്കും റൂഫിനും കറുപ്പ് നിറം, പാര്‍ശ്വങ്ങളില്‍ ഗ്രേ-റെഡ് സ്ട്രിപ്പ് എന്നിവയാണ് ഈ ക്രേറ്റയിലെ പ്രധാന പുതുമകള്‍. അകത്തളത്തില്‍ സീറ്റുകള്‍ക്കു പുതിയ നിറം നല്‍കാനും സാധ്യതയുണ്ട്.
വാഹനം ലഭ്യമാകാലുള്ള കാത്തിരിപ്പ് രണ്ടു മാസത്തില്‍ താഴെയെത്തിക്കാന്‍ ക്രേറ്റയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിരുന്നു. പ്രതിമാസ ഉല്‍പ്പാദനം ജൂണോടെ 13,000 യൂണിറ്റായി ഹ്യുണ്ടായ് ഉയര്‍ത്തിയിരുന്നു. ഇതില്‍ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വില്‍പ്പനയ്‌ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. ലോകവ്യാപകമായി 77ഓളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ക്രേറ്റ കയറ്റുമതി ചെയ്യുന്നത്.
തുടക്കത്തില്‍ പ്രതിമാസം 6,000 യൂണിറ്റ് വീതമാണു ഹ്യുണ്ടായ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ വിപണിയുടെ ആദ്യ പ്രതികരണം കണ്ടപ്പോള്‍തന്നെ ഉല്‍പ്പാദനം ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു. തുടര്‍ന്നു മാസം 10,000 യൂണിറ്റായി ക്രേറ്റയുടെ ഉല്‍പ്പാദനം ഉയര്‍ത്തി. ഇതില്‍ ഏഴായിരത്തോളം ക്രേറ്റ ആഭ്യന്തര വിപണിയിലും ബാക്കി കയറ്റുമതിക്കും നീക്കിവച്ചിരിക്കുന്നു.