ഹൈബ്രിഡ് കാറുകളുമായി ഹ്യുണ്ടായ് എത്തുന്നു
Daily News
ഹൈബ്രിഡ് കാറുകളുമായി ഹ്യുണ്ടായ് എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2016, 11:30 pm


ഈ വര്‍ഷമാദ്യം ജനീവ മോട്ടോര്‍ ഷോയിലാണ് ഹ്യുണ്ടായ് തങ്ങളുടെ ഹൈബ്രിഡ് കണ്‍സപ്റ്റ് മോഡലായ “അയോണിക്” അവതരിപ്പിച്ചത്.


അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ഹൈബ്രിഡ് വിഭാഗത്തില്‍പ്പെട്ട കാറുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള പദ്ധതിയുമായി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്.

അടുത്ത വര്‍ഷം അവതരിപ്പിക്കുന്ന മോഡലുകളിലൂടെ “സോഫ്റ്റ് ഹൈബ്രിഡ്” സാങ്കേതികവിദ്യ ഇന്ത്യയില്‍ ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇടത്തരം വിഭാഗത്തിലെ മോഡലുകളിലാവും തുടക്കത്തില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇടംപിടിക്കുകയെന്നും ഹ്യുണ്ടേയ് സൂചിപ്പിച്ചു.

അതേസമയം പരമ്പരാഗത വൈദ്യുത-പെട്രോള്‍ ഹൈബ്രിഡാണോ “ബ്ലൂ ഡ്രൈവ്” എന്നു വിളിപ്പേരുള്ള വൈദ്യുത-ഡീസല്‍ പവര്‍ട്രെയ്‌നാണോ ഇന്ത്യയിലെത്തുകയെന്നു ഹ്യുണ്ടായ് വ്യക്തമാക്കിയിട്ടില്ല.

hyundai-ioniq
ഈ വര്‍ഷമാദ്യം ജനീവ മോട്ടോര്‍ ഷോയിലാണ് ഹ്യുണ്ടായ് തങ്ങളുടെ ഹൈബ്രിഡ് കണ്‍സപ്റ്റ് മോഡലായ “അയോണിക്” അവതരിപ്പിച്ചത്. യൂറോപ്പിലാകും ഈ മോഡല്‍ ആദ്യം വില്‍പ്പനയ്‌ക്കെത്തുകയെന്നാണ് കമ്പനി നല്‍കുന്ന സൂചന.

ജനീവയില്‍ പ്രദര്‍ശിപ്പിച്ച മൂന്നു പവര്‍ട്രെയ്‌നുകളില്‍ ഇന്ത്യയിലെത്താനുള്ള സാധ്യത പ്ലഗ് ഇന്‍ ഹൈബ്രിഡിനാണ്. 8.9 കിലോവാട്ട് അവര്‍ ലിതിയം അയോണ്‍ പോളിമര്‍ ബാറ്ററിയാണ് ഈ മോഡലിന കരുത്തേകുന്നത്.

ബാറ്ററിയെ മാത്രം ആശ്രയിച്ചു കാര്‍ 50 കിലോമീറ്റര്‍ ഓടുമെന്നാണു ഹ്യുണ്ടായ് നല്‍കുന്ന വാഗ്ദാനം. കാറിലെ 1.6 ലീറ്റര്‍, ജി.ഡി.ഐ, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ കൂടിയാവുന്നതോടെ മൊത്തം കരുത്ത് 165 പി.എസ് വരെ ഉയരും.

കഴിഞ്ഞ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായ് “സൊനാറ്റ” പ്ലഗ് ഇന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ബാറ്ററിയില്‍ ഓടുന്ന മോഡലുകള്‍ വ്യാപകമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെങ്കില്‍ “എലീറ്റ് ഐ 20”, “ക്രേറ്റ” തുടങ്ങിയ വിപണന സാധ്യതയേറിയ മോഡലുകളിലും ഹൈബ്രിഡ് പവര്‍ട്രെയ്‌നുകള്‍ പ്രതീക്ഷിക്കാം.