[]ന്യൂദല്‍ഹി: കാര്‍ നിര്‍മ്മാതാക്കില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഉത്പാദനം അരക്കോടി കവിഞ്ഞു. 1998 ല്‍ ആരംഭിച്ച ചെന്നൈ പ്ലാന്റില്‍ നിന്ന് 50 ലക്ഷാമത്തെ കാറായി പുറത്തിറങ്ങിയത് ഗ്രാന്റ് ഐ 10 ആയിരുന്നു.
270 കോടി ഡോളര്‍(16,580 കോടിരൂപ) മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ പ്ലാന്റിന് പ്രതിവര്‍ഷം 6.80 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്.
ഇന്ത്യയില്‍ വിജയകരമായി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യൂണ്ടായിക്ക് കാര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനമാണുള്ളത്. ആഭ്യന്തര കാര്‍ വിപണിയില്‍ 20.3% വിഹിതം ഹ്യണ്ടായിയുടേതാണ്.
9500 പേര്‍ക്ക് പ്രത്യക്ഷമായും 1.28 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന കമ്പനിയുടെ ഇന്ത്യയിലെ വാര്‍ഷിക വിറ്റുവരവ് 500 കോടി ഡോളര്‍(30,700 കോടി രൂപ) ആണ്.
ഹ്യൂണ്ടായി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ബോളിവുഡ് താരം ഷാറൂഖ് ഖാനാണ് ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍. ഇത്രയും കാലം ഒരേ വ്യക്തി തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയിലരിക്കുന്നതും അപൂര്‍വ്വമാണ്.
കോംപാക്ട് കാര്‍ മുതല്‍ എസ്.യു.വി വരെ നിലവില്‍ ഒമ്പത് മോഡലുകള്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യക്ക് സ്വന്തമായുണ്ട്.