ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം
Hyundai
ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 8:06 pm

ചെന്നൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. എസ്.യു.വി ആയിരിക്കും ആദ്യം വിപണിയിലെത്തുക.

ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ പിന്നീട് ചെന്നൈയില്‍ നിര്‍മിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 15 നഗരങ്ങളില്‍ ഇലക്ട്രിക് എസ്.യു.വികള്‍ വിപണിയില്‍ എത്തിക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം.

വിലയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. വാഹനത്തിനൊപ്പം ഹോം ചാര്‍ജിംഗ് കിറ്റും നല്‍കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. എന്നാല്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍ വ്യാപകമാക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണ തേടും.


Also Read:  ‘എന്റെ അഭിമന്യുവിന് എങ്ങനെ ഉണ്ട്?’; കണ്ണ് തുറന്നപ്പോള്‍ മകന്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ചെന്ന് അര്‍ജുന്റെ അമ്മ


ഏത് വാഹനം ഇലക്ട്രിക് സംവിധാനത്തില്‍ ഇന്ത്യയില്‍ എത്തിക്കണം എന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇതിനുവേണ്ടി ഉപഭോക്താക്കളുടെ പ്രതികരണം ഹ്യുണ്ടായ് ആരായുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പ്രാദേശിക കമ്പനികളില്‍നിന്ന് വാങ്ങുന്നതിനെപ്പറ്റിയും ചൈനയില്‍നിന്നോ കൊറിയയില്‍നിന്നോ ഇറക്കുമതി ചെയ്യുന്നതിനെ പറ്റിയും ഹ്യുണ്ടായ് ആലോചിക്കുന്നുണ്ട്.

വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയെ മുന്നോട്ടു നയിക്കുക ഇലക്ട്രിക് വാഹനങ്ങളാവും എന്നാണ് ഹ്യുണ്ടായ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം.


Also Read:  തന്റെ സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനം, കോണ്‍ഗ്രസ് നിലനില്‍പ്പിനായുള്ള ശ്രമത്തില്‍; നരേന്ദ്ര മോദി


ഹ്യുണ്ടായിയുടെ ചെന്നൈയിലെ ആസ്ഥാനം പ്രാദേശിക ആസ്ഥാനമായി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇലക്ട്രിക് എസ്.യു.വി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 2021ഓടെ രാജ്യത്ത് ഒരു കോടിയുടെ വാഹനവില്‍പ്പനയാണ് ലക്ഷ്യമെന്നും ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കോണ എസ്.യു.വിയുടെ വൈദ്യുത പതിപ്പാവും ഇന്ത്യയിലെത്തുക എന്ന അഭ്യുഹവും പ്രചരിക്കുന്നുണ്ട്. കോണ എസ്.യു.വിയാണ് എത്തുന്നതെങ്കില്‍ 135 എച്ച്.പി ഇലക്ട്രിക് മോട്ടോറാവും വാഹനത്തിന് കരുത്തേകുക.

ഒരുതവണ ചാര്‍ജുചെയ്താല്‍ 325 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. 7.6 സെക്കന്‍ഡുകള്‍കൊണ്ട് വാഹനം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഹോം ചാര്‍ജിങ് കിറ്റ് ഉപയോഗിച്ച് വാഹനം ചാര്‍ജുചെയ്യാന്‍ ആറു മണിക്കൂറെങ്കിലും വേണ്ടിവരും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് അതിവേഗം ചാര്‍ജുചെയ്യാം.