കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഏറെ പ്രതീക്ഷയോടെ വിപണിയിലിറക്കിയ വാഹനമായിരുന്നു കോംപാക്ട് എസ്.യു.വിയായ ക്രേറ്റ. ഇപ്പോഴിതാ നിരത്തിലിറങ്ങി ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പ് തന്നെ ക്രേറ്റയുടെ വില്‍പ്പന 80,000 യൂണിറ്റിലേക്ക് കടക്കുന്നു. 2015 ജൂലൈയില്‍ വിപണിയിലെത്തിയ ക്രേറ്റയുടെ കഴിഞ്ഞ മാസം വരെയുള്ള മൊത്തം വില്‍പ്പന തന്നെ 78,857 യൂണിറ്റാണ്. പോരെങ്കില്‍ അവതരണം കഴിഞ്ഞ് എട്ടു മാസത്തിനകം തന്നെ ഒരു ലക്ഷം യൂണിറ്റിന്റെ ബുക്കിങ് സ്വന്തമാക്കി പുതിയ ചരിത്രം സൃഷ്ടിക്കാനും ക്രേറ്റയ്ക്കു കഴിഞ്ഞു.
കോംപാക്ട് എസ്.യു.വികള്‍ക്ക് പ്രിയമേറിവരുന്ന ഇന്ത്യയില്‍ മൂന്ന് വ്യത്യസ്ത എന്‍ജിനോടെയാണ് ക്രേറ്റയെ ഹ്യുണ്ടായ് അവതരിപ്പിച്ചത്. 1.6 ലീറ്റര്‍ ഗാമ വി.ടി.വി.ടി പെട്രോള്‍, 1.4 ലീറ്റര്‍ യു.ടു.സി.ആര്‍.ഡി.ഐ ഡീസല്‍, 1.6 ലീറ്റര്‍ സി.ആര്‍.ഡി.ഐ ഡീസല്‍.
6 സ്പീഡ് മാനുവല്‍, 6സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ ബോക്‌സുകളോടെയായിരുന്നു ക്രേറ്റയുടെ വരവ. ശേഷിയേറിയ 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാത്രമാണ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമായിരുന്നത്. എന്നാല്‍ വിപണിയുടെ വിപണിയുടെ താല്‍പര്യം പരിഗണിച്ച് പെട്രോള്‍ എന്‍ജിനൊപ്പവും ഹ്യുണ്ടായ് ഇക്കൊല്ലം ആദ്യം മുതല്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാക്കുന്നുണ്ട്.
ഹെഡ്‌ലാംപിന്റെയും മുന്‍ ഗ്രില്ലിന്റെയും ഉയര്‍ന്ന വെയ്സ്റ്റ്‌ലൈനിന്റെയും ടെയില്‍ ലാംപിന്റേയുമൊക്കെ സവിശേഷത നിര്‍വചിക്കുന്ന ഫ്‌ളയിഡിക് സ്‌കള്‍പ്ചര്‍ 2.0 ആണു ക്രേറ്റയ്ക്കായി കമ്പനി തിരഞ്ഞെടുത്തത്. മികച്ച നിലവാരമുള്ള ഇന്‍സുലേഷന്‍ വസ്തുക്കളും നൂതന എന്‍ജിനീയറിങ്ങും എന്‍ജിന്‍ രൂപകല്‍പ്പനയിലെയും ട്രാന്‍സ്മിഷനിലെയും ബോഡി ഘടനയിലെയുമൊക്കെ മികവും ചേരുന്നതോടെ നോയ്‌സ് വൈബ്രേഷന്‍ ഹാര്‍ഷ്‌നെസ്(എന്‍.വി.എച്ച്) നിലവാരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കമ്പനിക്കു കഴിഞ്ഞു.
വില്‍പ്പന കുതിച്ചുയര്‍ന്നതോടെ ബുക്ക് ചെയ്തവര്‍ക്കു വാഹനം ലഭിക്കാനുള്ള കാത്തിരിപ്പും നീണ്ടിട്ടുണ്ട്; ചില വകഭേദങ്ങള്‍ ലഭിക്കാന്‍ ആറു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതോടെ ക്രേറ്റയുടെ പ്രതിമാസ ഉല്‍പ്പാദനം 10,000 യൂണിറ്റായി വര്‍ധിപ്പിക്കാനും ഹുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, വിദേശ വിപണികളിലും ക്രേറ്റയ്ക്ക് സ്വീകാര്യതയേറുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം 20% കൂടി വര്‍ധിപ്പിക്കാനും ഹ്യുണ്ടായ് ആലോചിക്കുന്നുണ്ട്.