ജോര്‍ജ് ഫ്‌ളോയ്ഡിനായി ശബ്ദമുയര്‍ത്തി ബോളിവുഡ് താരങ്ങള്‍; ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ എവിടെയായിരുന്നെന്ന് മറു ചോദ്യം
Bollywood
ജോര്‍ജ് ഫ്‌ളോയ്ഡിനായി ശബ്ദമുയര്‍ത്തി ബോളിവുഡ് താരങ്ങള്‍; ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ എവിടെയായിരുന്നെന്ന് മറു ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 8:11 pm

അമേരിക്കയില്‍ പൊലീസ്‌കാരുടെ ആക്രമണത്തില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

പ്രിയങ്ക ചോപ്ര,  സോനം കപൂര്‍, ദീപിക പദുകോണ്‍, ദിഷ പടാണി തുടങ്ങിയ താരങ്ങളാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊല്ലപ്പെടലില്‍ പ്രതിഷേധിച്ചത്.

എന്നാലിപ്പോള്‍ ബോളിവുഡ് താരങ്ങള്‍ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക വിമര്‍ശനം ഉയരുകയാണ്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് തുടങ്ങിയവരുള്‍പ്പെടെയാണ് ബോളിവുഡ് താരങ്ങള്‍ ഇന്ത്യയില്‍ ദളിത്-മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന സംഭവങ്ങളില്‍ നിശബ്ദത പാലിച്ചു എന്നാരോപിച്ചിരിക്കുന്നത്.

‘ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന് ട്വീറ്റ് ചെയ്യുന്ന എല്ലാ സെലിബ്രറ്റികളോടും വളരെയധികം ബഹുമാനം. അമേരിക്കക്കാരുടെ ജീവിതത്തിനായി ട്വീറ്റ് ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ക്കായി ട്വീറ്റ് ചെയ്യാത്ത നിങ്ങളുടെ ഭീരുത്വം കാണിക്കാന്‍ ധൈര്യം ആവശ്യമാണ്,’ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

‘ ദല്‍ഹിയിലെ മുസ്ലിം വിരുദ്ധ കൂട്ടക്കൊല, പൗരത്വ ബില്‍, വിദ്യാര്‍ത്ഥികളുടെയും ബുദ്ധിജീവികളുടെയും അറസ്റ്റുകള്‍ എന്നിവയെക്കുറിച്ച് മന്ത്രിക്കുക പോലും ചെയ്യാത്ത നമ്മുടെ താരങ്ങള്‍ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗോടു കൂടി പ്രകോപിതരാവുകയാണ്,’ റാണ അയ്യൂബ് ട്വീറ്റ് ചെയ്തു.

ഒപ്പം വംശീയതയക്കെതിരെ ശബ്ദിക്കുമ്പോഴും ബോളിവുഡ് താരങ്ങള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയച്ച കാര്യവും നിരവധി പേര്‍ ചൂണ്ടിക്കാട്ടി.

പ്രിയങ്ക ചോപ്രയ്‌ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനം വന്നത്. നടി മുമ്പ് ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ തീരുമാനമാണെന്ന് നടി പിന്നീട് പറഞ്ഞിരുന്നു.

ഇതിനൊപ്പം പ്രിയങ്ക ചോപ്ര അഭിനയിച്ച ഫാഷന്‍ എന്ന സിനിമയിലെ രംഗമാണ് ചിലര്‍ ട്വിറ്റില്‍ ചൂണ്ടിക്കാട്ടിയത്. ചിത്രത്തിലെ രംഗത്തില്‍ നടിയുടെ കഥാപാത്രം ലഹരിയില്‍ ഒരു കറുത്തവര്‍ഗക്കാരനൊപ്പം കിടക്ക പങ്കിടുകയും പിറ്റേന്ന് മദ്യലഹരി വിട്ടപ്പോള്‍ ഇതേ ആളെ അവജ്ഞയോടെനോക്കുകയും ചെയ്യുന്ന സീനാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക