ഹ്യോസങ് തിരിച്ചു വരുന്നു: മിറേജ് 250 ക്രൂയിസര്‍ ഈ മാസം വിപണിയിലെത്തും
Bike
ഹ്യോസങ് തിരിച്ചു വരുന്നു: മിറേജ് 250 ക്രൂയിസര്‍ ഈ മാസം വിപണിയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 4:52 pm

ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ വീണ്ടും കാലുറപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹ്യോസങ് വരുന്നു. കൈനറ്റിക് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഹ്യോസങ് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത്. ഹ്യോസങ്‌ന്റെ മിറേജ് 250 ക്രൂയിസര്‍ ഈ മാസം വിപണിയിലെത്തും.

ഈ വര്‍ഷമാദ്യം സ്പെയിനിലാണ് മിറേജ് 250 ക്രൂയിസര്‍ മോഡലിനെ ഹ്യോസങ് അവതരിപ്പിച്ചത്. അക്വില 250 DR എന്നും ബൈക്കിന് പേരുണ്ട്. ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന അക്വില 250 മോഡലിന് പകരക്കാരനായാണ് പുതിയ മിറേജ് 250 വിപണിയിലെത്തുക.

Read:  മഹീന്ദ്രയുടെ മരാസോ തിങ്കളാഴ്ച നിരത്തിലെത്തും

ഇന്ത്യയില്‍ പ്രാരംഭ പ്രീമിയം ക്രൂയിസര്‍ പ്രതിച്ഛായ ബൈക്ക് കൈവരിക്കും. പഴയ ക്ലാസിക് ക്രൂയിസര്‍ ശൈലി മിറേജിനില്ല. എന്നാല്‍ മിതത്വം പാലിക്കുന്ന ആധുനിക സവിശേഷതകള്‍ ശ്രദ്ധപിടിച്ചുപറ്റും. മള്‍ട്ടി സ്പോക്ക് അലോയ് വീലുകളും നീളംകുറഞ്ഞ മുന്‍ പിന്‍ മഡ്ഗാര്‍ഡുകളും ഹ്യോസങ് മിറേജിന്റെ ഡിസൈനില്‍ എടുത്തുപറയണം.

ഒറ്റ പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ക്രൂയിസറിലുള്ളത്. എല്‍.ഇ.ഡി പൊസിഷന്‍ ലാമ്പുകളും വടത്തിലുള്ള ചെറിയ ഹെഡ്ലാമ്പും മിറേജിനെ ക്രൂയിസര്‍ വിശേഷണത്തോടു ചേര്‍ന്നുനില്‍ക്കാന്‍ സഹായിക്കും. സ്പോര്‍ടി റൈഡിംഗ് പൊസിഷനാണ് ഹ്യോസങ് സമര്‍പ്പിക്കുന്നത്.

താഴ്ന്നിറങ്ങിയ സീറ്റും മുന്നോട്ടാഞ്ഞ ഫൂട്ട്പെഗുകളും വീതിയേറിയ ഹാന്‍ഡില്‍ബാറും ബൈക്കില്‍ ക്രൂയിസര്‍ റൈഡിംഗ് ഉറപ്പുവരുത്തും. 250 സി.സി വി-ട്വിന്‍ എന്‍ജിനാണ് ബൈക്കിനുള്ളത്. എന്‍ജിന് 25.8 ബി.എച്ച്.പി കരുത്തും 21.7 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. അക്വില 250 മോഡലിനെക്കാള്‍ അധിക ടോര്‍ഖ് മിറേജിനുണ്ട്. എന്‍ജിന്‍ മികവിന്റെ കാര്യത്തിലും മിറേജ് അക്വിലയെക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും. ഏകദേശം മൂന്നുലക്ഷം രൂപ ഹ്യോസങ് മിറേജ് 250ന് ഇന്ത്യയില്‍ പ്രതീക്ഷിക്കാം.