| Tuesday, 7th April 2020, 9:50 pm

ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയ, മോദി മുട്ടുമടക്കിയ, ആ മരുന്ന് ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്ന വിലകുറഞ്ഞ ഒരു മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍. അനായാസം ലഭ്യമായിരുന്ന ഈ മരുന്നിന്റെ ഡിമാന്റ് കൊവിഡ് 19 ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തിയതോടെ വലിയ തോതിലാണ് വര്‍ധിച്ചത്. ഇതിന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയ്ക്ക് മേല്‍ ഭീഷണി പോലും മുഴക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കടുത്ത സാഹചര്യത്തില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് നിയന്ത്രണം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ ഭാഗികമായി നീക്കി. കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് ഇന്ത്യ എടുത്തുമാറ്റിയത്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ലോകം ഉറ്റുനോക്കിയ ഒരു സമയമായിരുന്നു കൊവിഡ് വ്യാപനത്തിന് മുമ്പുള്ള കാലം. അമേരിക്കയില്‍ നടന്ന ഹൗഡി മോഡിയും ഇന്ത്യയില്‍ നടന്ന നമസ്തേ ട്രംപും ലോകരാജ്യങ്ങള്‍ക്കിടയില്‍ മോദിയും ട്രംപും വലിയ സുഹൃത്തുക്കളാണെന്ന ഒരു ചിത്രവും രൂപപ്പെടുത്തിയിരുന്നു. അതിനിടയിലാണ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ മരുന്ന് കയറ്റുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്ത്യക്ക് നേരെ ഭീഷണികളുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്.

ട്രംപ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയെ പോലെ തന്നെ ചര്‍ച്ചയായിരിക്കുന്ന മറ്റൊരു കാര്യമാണ് ഹൈഡ്രോക്സി ക്ലോറോക്വിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന കാര്യം. എന്ത് കൊണ്ടാണ് കൊവിഡിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുക പോലും ചെയ്യാത്ത ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഡിമാന്റ് ഇത്രയധികം വര്‍ധിക്കുന്നത്, അമേരിക്കയ്ക്ക് ഈ മരുന്നിന്റെ മേലുള്ള താത്പര്യം എന്താണ്? നമുക്ക് പരിശോധിക്കാം

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മരുന്നുകളുടെ പട്ടികയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ എത്തുന്നത് ചൈന കൊവിഡ് ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാന്‍ ആരംഭിച്ചതിന് ശേഷമാണ്. മരുന്ന് കൊവിഡ് രോഗികള്‍ക്ക് ഫലം കാണുന്നുണ്ടെന്നായിരുന്നു ചൈന പറഞ്ഞത്.

എന്നാല്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് രോഗത്തിന് ഉപയോഗിക്കുന്നതിന്റെ ശാസ്ത്രീയതില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ വലിയ തര്‍ക്കം തന്നെ നിലനില്‍ക്കുന്നുണ്ട്. മരുന്നിന് വേണ്ടി ഭീഷണി മുഴക്കിയ അമേരിക്കയില്‍ പോലും ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളുണ്ടെന്ന് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. മരുന്ന് സുരക്ഷിതമാണ് എന്ന് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

അതേ സമയം ട്രംപിന്റെ ട്രെയ്ഡ് അഡൈ്വസര്‍ പീറ്റര്‍ നവാരോ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗത്തിനെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ അംബാസഡറായി ട്രംപും മാറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കും ആരോഗ്യമേഖലക്കും പ്രതിസന്ധി തീര്‍ത്ത് ആയിരങ്ങളുടെ മരണത്തിനിടയാക്കിയ കൊവിഡ് രോഗത്തിനെതിരായുള്ള ഗെയിം ചെയ്ഞ്ചര്‍ എന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെ ട്രംപ് വിശേഷിപ്പിച്ചത്. ഈ മരുന്നിന് അമേരിക്കയെ രക്ഷിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് ട്രംപ് വിശ്വസിക്കുന്നത്. മെഡിക്കല്‍ അറിവുകളൊന്നുമില്ലെങ്കിലും തനിക്ക് കോമണ്‍ സെന്‍സ് ഉണ്ടെന്നും മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ട്രംപ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വൈറ്റ് ഹൗസില്‍ ചേര്‍ന്ന കൊറോണ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അമേരിക്കയിലെ തന്നെ ഇന്‍ഫക്ഷ്യസ് ഡീസീസ് എക്സ്പേര്‍ട്ട് ഡോ. ആന്റണി ഫൗസി ഉന്നയിച്ച ആശങ്കളെ വകവെക്കാതെയാണ് ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം അമേരിക്ക അംഗീകരിച്ചത്. യാതൊരു മെഡിക്കല്‍ വൈദഗ്ധ്യവും ഇല്ലാത്ത പീറ്റര്‍ നവാരോയുടെ ഉപദേശമാണ് അമേരിക്ക വിഷയത്തില്‍ പരിഗണനയ്ക്ക് എടുത്തത് എന്ന വിമര്‍ശനവും ടൈം ഉന്നയിക്കുന്നുണ്ട്.

ട്രംപ് ഗെയിം ചെയ്ഞ്ചറായി കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന്റെ ഏറ്റവും വലിയ എക്സ്പോര്‍ട്ടറുകളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്കയ്ക്ക് ആവശ്യമായ 24 ശതമാനം മരുന്നുകളും 31 ശതമാനം ചേരുവകളും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയില്‍ നിന്നാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ക്ലോറോക്വിന്റെ ആവശ്യകത അഞ്ചിരട്ടിയായാണ് അമേരിക്കയില്‍ വര്‍ധിച്ചത്.

നിലവില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അഥവാ എഫ്.ഡി.എ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്കായി അംഗീകരിച്ചു എന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ തങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല എന്ന് എഫ്.ഡി.എ പറഞ്ഞതിനു പിന്നാലെ മരുന്നിന്റെ കംപാഷനേറ്റ് ഉപയോഗത്തിനാണ് അനുമതി ലഭിച്ചതെന്ന് ട്രംപ് തിരുത്തി പറഞ്ഞു. അതായത് ഒരു വ്യക്തിയുടെ ജീവന്‍ അത്യന്തം അപകടത്തിലാണ് എന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ മരുന്ന് ഡോക്ടര്‍ക്ക് നല്‍കാം. ബി.ബി.സിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെയും എഫ്.ഡി.എയുടെയും നിലപാടുകളിലെ ഭിന്നത റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന് മരുന്നില്ല എന്ന് വിദഗ്ധര്‍ വ്യക്തമാക്കുമ്പോഴും ഹൈഡ്രോക്സി ക്ലോറോക്വിന്നില്‍ വിശ്വാസമര്‍പ്പിക്കുന്നത് കൊണ്ടാണ് മരുന്നിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നത് എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ഇന്ത്യക്ക് അമേരിക്കയെ സഹായിക്കാന്‍ കഴിയുമോ?

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് വ്യക്തമാക്കിയതിന് ശേഷമാണ് ഇന്ത്യ മരുന്നിന്റെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയില്‍ 4000ല്‍ അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചതിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടി കൂടിയായിരുന്നു ഇത്. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യ നിരോധനം നീക്കിയിരിക്കുകയാണ്. കയറ്റുമതി തുടരാന്‍ സാധിക്കുമെന്ന് തന്നെയാണ് ഡ്രഗ് മാനുഫക്ച്ചര്‍ അസോസിയേഷന്റെ പ്രതിനിധി അശോക് കുമാര്‍ മദന്‍ വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്ന് മരുന്നിന് ആവശ്യമായ ചേരുവകള്‍ എത്തുന്നില്ല എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

കൊവിഡ്-19 ചികിത്സക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമോ ?

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ വലിയ രീതിയില്‍ സഹായിക്കുമെന്ന പ്രതീക്ഷകള്‍ അപക്വം ആണെന്നാണ് ഒരു വിഭാഗം വൈറോളജിസ്റ്റുകളും, ഇന്‍ഫക്ഷ്യസ് ഡീസീസ് എക്സ്പേര്‍ട്ട്സും വിലയിരുത്തുന്നത് എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ രാമന്‍ ആര്‍ ഗംഗാഖേദ്കര്‍ അഭിപ്രായപ്പെടുന്നതും മരുന്ന് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചതോടെ ആളുകള്‍ സ്വയം ചികിത്സയ്ക്കും മരുന്ന് ഉപയോഗിച്ച് തുടങ്ങിയെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് വ്യാപകമായി ശുപാര്‍ശ ചെയ്യുന്നത് കേട്ട് മരുന്ന് ഉപയോഗിച്ച നൈജീരിയയിലെ മൂന്ന് യുവാക്കള്‍ക്ക് ഓവര്‍ഡോസായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ലാന്‍സറ്റ് മെഡിക്കല്‍ ജേണലിലും ഹൈഡ്രോക്സി ക്ലോറോക്വിന്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കിള്‍ ഗുരുതരമായ സൈഡ് എഫ്ക്ട് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ചില രോഗികളില്‍ മരുന്നിന്റെ ഉപയോഗം ഫലം ചെയ്തു എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. അത് കൊണ്ടൊന്നും ഹൈഡ്രോക്സി ക്ലോറോക്വനിനെ കൊവിഡിനുള്ള മരുന്നായി കാണാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.

ഡൂള്‍ന്യൂസ് ഡെസ്‌ക്