കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വില്ലന്‍ പട്ടം ചാര്‍ത്തി കിട്ടിയ പേരാണ് ഹൈദ്രോസ് തങ്ങളുടേത്. തങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പ്രചരിച്ച കഥകള്‍ക്ക് പക്ഷെ മറ്റ് രണ്ടുപേരുടെ മുഖം കൂടിയുണ്ട്. കളന്തോട് പി.എസ്.കെ തങ്ങളുടെയും കരിം മുസലിയാരുടെയും.
മുലപ്പാല്‍ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ തുടക്കത്തില്‍ ഹൈദ്രോസ് തങ്ങളുടേതെന്ന പേരില്‍ ഉപയോഗിച്ച ഫോട്ടോ പി.എസ്.കെ തങ്ങളുടേതായിരുന്നു. പി.എസ്.കെ തങ്ങളുടെ ഫോട്ടോ മാത്രമല്ല, അദ്ദേഹത്തിനുനേരെ ഉയരുന്ന ആരോപണങ്ങളില്‍ ചിലതും ഹൈദ്രോസ് തങ്ങള്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ടു. ജുമ്അക്കു പോലും പള്ളിയില്‍ പോകാത്തയാള്‍, മറ്റു മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നു തുടങ്ങിയ അതില്‍ ചിലതുമാത്രം.
ഇനി മൂന്നാമത്തെ മുഖം പരിചയപ്പെടാം. കരിം മുസലിയാര്‍. സൈക്കിള്‍ റിപ്പയറിംഗ് കടയിലെ ജീവനക്കാരനായി ജീവിതം തുടങ്ങി മന്ത്രവാദത്തിലൂടെ കോടികള്‍ സമ്പാദിച്ചു എന്ന കരിം ഉസ്താദിനുമേലുള്ള ആരോപണവും ഹൈദ്രോസ് തങ്ങള്‍ക്കുമേല്‍ വന്നു. അങ്ങനെ ഒരൊറ്റ വില്ലനെ രൂപപ്പെടുത്തി.
അത്രവലിയ സാമ്പത്തിക ചുറ്റുപാടോ, ആള്‍ബലമോ ഇല്ലാത്ത മുക്കത്തെ ഒരു സാധാരണക്കാരന്‍ മാത്രമാണ് ഹൈദ്രോസ് തങ്ങളെന്നാണ് അവിടം സന്ദര്‍ശിച്ച ഡൂള്‍ന്യൂസ് പ്രതിനിധിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ഒരുകാലത്ത് മുക്കത്ത് പ്രസിദ്ധമായിരുന്ന ലുക്മാനുല്‍ ഹകീം വൈദ്യശാല നടത്തിയത് ഹൈദ്രോസ് തങ്ങളുടെ പിതാവായിരുന്നു. പിതാവിന്റെ പാതയില്‍ ഹൈദ്രോസും തങ്ങളും വൈദ്യ ചികിത്സ നടത്തിയിരുന്നുത്. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലമായി ഇതില്‍ നിന്നും വിട്ടു കഴിയുകയാണെന്നാണ് അദ്ദേഹത്തിന്റെ മകന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
പി.എസ്.കെ തങ്ങള്‍
ചികിത്സയൊക്കെ ഉപേക്ഷിച്ച് ഇപ്പോള്‍ വീട്ടില്‍ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ആയത്തുകള്‍ മന്ത്രിച്ചു നല്‍കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മകന്‍ പറയുന്നു. -“ഉപ്പ വൈദ്യ ചികിത്സയൊക്കെ ഉപേക്ഷിച്ചിട്ട് കുറെ കാലമായി. പിന്നെ തങ്ങള്‍ കുടുംബമായതുകൊണ്ട് ഇടക്കൊക്കെ ആളുകള്‍ വരും. അവര്‍ക്ക് ചിലപ്പോള്‍ ചില ഉപദേശങ്ങളും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതാനും നിര്‍ദേശിക്കും. പ്രസവിച്ച് ആദ്യ ഒരു ദിവസം മുലപ്പാല്‍ നല്‍കേണ്ടെന്ന് നേരത്തെ ഉപ്പ പറയാറുള്ളതാണ്. തങ്ങളുടെ എല്ലാ കുട്ടികള്‍ക്കും അത്തരത്തിലാണ് മുലപ്പാല്‍ നല്‍കിയത്.
മുലപ്പാല്‍ സംബന്ധിച്ച് പഴയ കാലങ്ങളില്‍ പല തെറ്റിദ്ധാരണകളും നിലനിന്നിരുന്നു. എന്നാല്‍ ശാസ്ത്രം ഇപ്പോള്‍ പറയുന്നത് ആദ്യമുള്ള മുലപ്പാല്‍ ഏറ്റവും പോഷക മൂല്യമുള്ളതാണെന്നാണ്. പഴയ രീതികള്‍ തുടരുന്നതുകൊണ്ടായിരിക്കും ഉപ്പ ഇക്കാര്യം നിര്‍ദേശിക്കുന്നത്. ഇപ്പോള്‍ കേസില്‍പ്പെട്ട ഓമശ്ശേരി സ്വദേശി അബൂബക്കര്‍ ഇടക്കിടെ ഉപ്പയെ കാണാന്‍ വരുന്നയാളാണ്. അയാളോടും ഈ അര്‍ത്ഥത്തിലായിരിക്കും നിര്‍ദേശിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിര്‍ബന്ധ ബുദ്ധിയോടെ ഉപ്പ ഒരുകാര്യവും നിര്‍ദേശിക്കാറില്ല. എന്നാല്‍ ശാസ്ത്ര വിരുദ്ധമായ ഇത്തരം ധാരണകള്‍ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ”
പി.എസ്.കെ തങ്ങളുടെ ആശ്രമത്തിനു മുന്നിലെ ചുവരെഴുത്തുകള്‍
മകന്‍ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നതായിരുന്നു അയല്‍വാസികളുടെയും നാട്ടുകാരുടെയും പ്രതികരണം. “ഇടക്കൊക്കെ ചിലര്‍ വീട്ടില്‍ വന്ന് തങ്ങളെ കാണാറുണ്ട്. വലിയ ജനക്കൂട്ടം എത്തുകയോ വാണിജ്യാടിസ്ഥാനത്തില്‍ ആത്മീയ തട്ടിപ്പ് നടത്തുകയോ ചെയ്യുന്ന കേന്ദ്രമല്ല ഹൈദ്രോസ് തങ്ങളുടെ വീട്” അയല്‍വാസികളും നാട്ടുകാരും പറയുന്നു.
പരമ്പരാഗത രീതിയില്‍ മതവിശ്വാസങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുന്ന ഒരാള്‍ എന്നാണ് ഹൈദ്രോസ് തങ്ങളെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെയുളള ഒരാള്‍ക്കുമേലാണ് പുറത്തുപോയി ജുമഅ നിസ്‌കരിക്കാത്തയാള്‍ എന്ന ആരോപണം ഉയര്‍ന്നത്. ഇത് എവിടെ നിന്നു വന്നു? പി.എസ്.കെ തങ്ങളില്‍ നിന്ന്.
മതാതീതമായ ആത്മീയതയെക്കുറിച്ച് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളാണ് പി.എസ്.കെ തങ്ങളെന്നാണ് അവിടം സന്ദര്‍ശിച്ച ഡൂള്‍ന്യൂസ് പ്രതിനിധിക്കു മനസിലായത്. ഹൈദ്രോസ് തങ്ങളുടെ സഹോദരനാണെങ്കിലും ആത്മീയതയുടെ മറ്റൊരു തലത്തിലാണ് ഈ തങ്ങളുടെ പ്രവര്‍ത്തനം.
പി.എസ്.കെ തങ്ങളുടെ ആശ്രമത്തിനു മുന്നിലെ ചുവരെഴുത്തുകള്‍
കളന്തോട് പി.എസ്.കെ തങ്ങളുടെ ഒരു ആശ്രമമുണ്ട്. വലിയ കവാടത്തോടെയുള്ള ആശ്രമത്തിനുള്ളില്‍ പണിത പള്ളിയില്‍ ഏത് മതവിശ്വാസിക്കും ലിംഗ ഭേദമന്യ ആരാധനാ കര്‍മ്മം അനുഷ്ഠിക്കാനുള്ള സൗകര്യമുണ്ട്. പരമ്പരാഗത സുന്നി സൂഫി ആശയങ്ങളിലൂടെയാണ് അനുയായികള്‍ ഉപ്പാപ്പയെന്ന് വിളിക്കുന്ന പി.എസ്.കെ തങ്ങളുടെ സഞ്ചാരം. ആരാധനാ കര്‍മ്മങ്ങളിലൊന്നും നിര്‍ബന്ധ ബുദ്ധിയില്ല, പള്ളിയില്‍ നിസ്‌കാരവും വെള്ളിയാഴ്ച ജുമുഅയും നടക്കാറുണ്ട്. അതേസമയം തന്നെ പള്ളിയില്‍ നിലവിളക്കും പള്ളിയോട് ചേര്‍ന്ന് കൂറ്റന്‍ കൊടിമരവുമുണ്ട്.
മതാചാരങ്ങള്‍ക്ക് വിരുദ്ധമായി ഗാനമേള നടത്തുന്നു, സ്ത്രീ പുരുഷന്‍മാര്‍ ഒരുമിച്ചുകൂടുന്നു, ജുമ്അ നിസ്‌കാരത്തിന് പുറത്തുപോകുന്നില്ല, മറ്റ് മതവിശ്വാസങ്ങള്‍ പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യം ചെയ്യുന്നു എന്നതൊക്കെയാണ് പി.എസ്.കെ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. മുലപ്പാല്‍ കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടറിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തകളില്‍ ഈ ആരോപണങ്ങളൊക്കെ ഹൈദ്രോസ് തങ്ങള്‍ക്കെതിരെ പ്രയോഗിക്കുകയാണുണ്ടായത്.
ഹൈദ്രോസ് തങ്ങള്‍ പങ്കെടുത്ത കൂട്ടപ്രാര്‍ത്ഥനയുടെ വീഡിയോ എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെയുള്ളവ പ്രചരിപ്പിച്ചതും പി.എസ്.കെ തങ്ങളുടെ വീഡിയോ ആയിരുന്നു.
തങ്ങളുടെ ആശ്രമത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പി.എസ്.കെ തങ്ങളുടെ മകന്‍ സഹല്‍ പറയുന്നതിങ്ങനെ: ” മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ തങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. സുന്നി വിഭാഗങ്ങള്‍ക്ക് അത്ര എതിര്‍പ്പില്ല, സുന്നികള്‍ പലരും ഇവിടെ വരുന്നവരും അല്ലാത്തവരുമുണ്ട്. പരമ്പരാഗത മത ചട്ടക്കൂടുകള്‍ക്ക് പുറത്തു നില്‍ക്കുന്നതുകൊണ്ടാണ് ഈ സംഘടനകള്‍ തങ്ങളെ എതിര്‍ക്കുന്നത്.
മനുഷ്യന് അടിസ്ഥാനമായി വേണ്ടത് സത്യസന്ധതയും കരുണയും നീതി ബോധവുമാണ് അതെക്കുറിച്ചാണ് ആശ്രമത്തില്‍ പറയുന്നത്. നിങ്ങള്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നുവെന്നത് ഇവിടെ ഒരു പ്രശ്‌നമേയല്ല, ഇതാണ് സൂഫിസം, ഖുര്‍ആന്‍ തന്നെ വിശദീകരിച്ച് ഈ സൂഫിസത്തെക്കുറിച്ച് തങ്ങള്‍ കൃത്യമായി വിശദീകരിക്കും. സഖാഫി, അസ്ഹരി ബിരുദമെടുത്ത ഏറെക്കാലം ദര്‍സില്‍ ഓതിപ്പഠിച്ചവരൊക്കെ ഇവിടെയുണ്ട്. ഈ ആത്മീയത തിരിച്ചറിയുന്നവര്‍ ഇവിടെയുണ്ടാവും.
Don”t Miss: ഭീകരവാദിയാകാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും ഒരു മുസ്‌ലിം പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന്‍
പിന്നെ വലിയ ഗേറ്റ് ഇവിടെ വെച്ചത് ഞങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ്. എതിര്‍പ്പുന്നയിക്കുന്ന സംഘടനകള്‍ ഞങ്ങളെ കുഴപ്പത്തിലാക്കാന്‍ എന്തും ചെയ്യും. പക്ഷെ നല്ല ബുദ്ധിയോടെ വരുന്ന ആര്‍ക്കു മുന്നിലും വാതില്‍ തുറക്കപ്പെടും. ഞങ്ങള്‍ക്ക് ഒന്ന് ഭയപ്പെടാന്‍ പോലുമുള്ള അവകാശമില്ലേ- തങ്ങളുടെ മകന്‍ ചോദിക്കുന്നു.
ഹൈദ്രോസ് തങ്ങള്‍ പ്രദേശത്തുകാര്‍ക്കിടിയില്‍ സിദ്ധനെന്ന് അറിയപ്പെട്ടിരുന്നെന്നും അദ്ദേഹം ഇതുവഴി കോടികള്‍ സമ്പാദിച്ചുവെന്നുമാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ട മറ്റ് ആരോപണങ്ങള്‍. ഉണക്കമീന്‍ കച്ചവടവും സൈക്കിള്‍ റിപ്പയറിങ്ങും നടത്തി ഉപജീവനം നയിച്ച കരീം മുസലിയാരാണ് പിന്നീട് നാട്ടുകാര്‍ക്കിടയില്‍ സിദ്ധനായി അറിയപ്പെട്ടത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണ് ഹൈദ്രോസ് തങ്ങള്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ടത്.
പി.എസ്.കെ തങ്ങളെയും കരിം മുസ്‌ലിയാരെയും ഇവ്വിധം യോജിപ്പിക്കുകയും ഒപ്പം ഹൈദ്രോസ് തങ്ങള്‍ എന്ന പേരു ചേര്‍ക്കുകയും ചെയ്താണ് മാധ്യമങ്ങള്‍ മുലപ്പാല്‍ കേസിലെ വില്ലനെ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദ്രോസ് തങ്ങള്‍ക്കാകട്ടെ മറ്റു രണ്ടുപേരില്‍ നിന്നു വ്യത്യസ്തമായി കേസുകൂട്ടങ്ങളില്‍ നിന്നു മാറിനില്‍ക്കാനുള്ള ശേഷിയോ ആള്‍ബലമോ ഒന്നുമില്ല താനും.