ന്യൂക്ലിയര്‍ ബോംബുകല്‍ കിലോ ടണ്ണിലാണെങ്കില്‍ (ഒരു കിലോ ടണ്‍ എന്നത് 1,000 ടണ്‍ ടി.എന്‍.ടിയാണ്) ഹൈഡ്രജന്‍ ബോംബുകളില്‍ മെഗാ ടണ്ണിലാണ് (ഒരു മെഗാടണ്‍ എന്നത് 1,000,000 ടണ്ണാണ്.). 1945ല്‍ നാഗസാക്കിയില്‍ 40,000 ആളുകളുടെ മരണത്തിന് ഇടയാക്കിയ ആറ്റംബോംബ് “ഫാറ്റ് മാന്‍” ന്റേത് വെറും 21 കിലോടണ്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.
ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന അവകാശവാദത്തോടെ വടക്കന്‍ കൊറിയ കഴിഞ്ഞദിവസം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നിലവില്‍ മൂന്നുതവണ അണുബോംബ് പരീക്ഷണം നടത്തി വിജയിച്ച കൊറിയ തങ്ങള്‍ ഉടനെ തന്നെ ഹൈഡ്രജന്‍ ബോംബും രംഗത്തിറക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ സൂചന നല്‍കിയിരുന്നു.
ഹൈഡ്രജന്‍ ബോംബ് വികസിപ്പിക്കുന്നതില്‍ ഉത്തര കൊറിയ വിജയിച്ചെന്ന് കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് ബോംബ് പരീക്ഷിച്ചെന്ന അവകാശവാദവുമായി ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍ ഉത്തര കൊറിയയുടെ അവകാശം വാദം ആണവ വിദഗ്ധര്‍ ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ അവകാശവാദം ശരിയാണെങ്കില്‍ അവരുടെ ആയുധശേഖരത്തിലെ വന്‍മുന്നേറ്റമായിരിക്കും ഇതെന്ന കാര്യം സംശയിക്കേണ്ട.
ആറ്റംബോംബിനേക്കാള്‍ 500 മടങ്ങ് പ്രഹരശേഷിയുള്ളവയാണ് ഹൈഡ്രജന്‍ ബോംബ്. അതുകൊണ്ടുതന്നെ നേരത്തെ അവര്‍ നടത്തിയ ആണവപരീക്ഷണങ്ങളേക്കാള്‍ സമീപരാജ്യങ്ങളെ ഭീതിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.
ആറ്റം ബോംബുകളേക്കാള്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍ നിര്‍മ്മിക്കാനും ഏറെ ബുദ്ധിമുട്ടാണ്. കാരണം ആറ്റങ്ങളുടെ സംയോജനം (ഫ്യൂഷന്‍) ഉള്‍പ്പെടെയുള്ള രണ്ട് ഘട്ട പ്രോസസ്സുകളിലൂടെയാണ് ഈ ബോംബുകള്‍ നിര്‍മ്മിക്കുന്നത്.
1952ല്‍ യു.എസ് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ആന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് 10.4 മെഗാടണ്‍ ആയിരുന്നു. “ഇവി മൈക്ക്” എന്നാണ് ഇതറിയപ്പെട്ടത്. ഈ ഹൈഡ്രജന്‍ ബോംബ് പൊട്ടിത്തെറിച്ചതിലൂടെയുണ്ടായ താപതരംഗങ്ങള്‍ 35മൈലുകള്‍ (56കിലോമീറ്റര്‍) അകലെ പ്രവഹിച്ചുവെന്നാണ് സൈനിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ബോംബിന്റെ മറ്റു സവിശേഷതകള്‍ എന്തൊക്കയാണെന്ന്് നമുക്ക് നോക്കാം
♦ നേരത്തെ പറഞ്ഞത് പോലെ ആറ്റംബോംബിനേക്കാള്‍ നിരവധി മടങ്ങ് പ്രഹരശേഷിയാണ് ഹൈഡ്രജന്‍ ബോംബിനുള്ളത്.
♦ ഒരു ഹൈഡ്രജന്‍ ബോംബില്‍ നിന്നും പുറത്തുവരുന്ന ഊര്‍ജം ആറ്റംബോംബിനേക്കാള്‍ അധികമാണ്. നിമിഷങ്ങള്‍ക്കകം ഒരു മഹാനഗരത്തെ പോലും വിഴുങ്ങാനുള്ള ശേഷി ഇതിനുണ്ട്.
♦ അണുസംയോജനം (ആറ്റമിക് ഫ്യൂഷന്‍) വഴിയാണ് ഹൈഡ്രജന്‍ ബോംബ് ഊര്‍ജം പ്രവഹിപ്പിക്കുന്നത്. എന്നാല്‍ അണുവിഭജനം(ആറ്റോമിക് ഫിഷന്‍) വഴിയാണ് ആറ്റംബോംബ് ഊര്‍ജം പ്രവഹിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമാണ്. ആദ്യത്തേതില്‍ ആറ്റംകണികകള്‍ ചേര്‍ന്ന് വലിയ കണികയാവുന്ന പ്രക്രിയയാണെങ്കില്‍ ആറ്റമിക് ഫിഷനില്‍ കണികകള്‍ വേര്‍പെട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്.
♦ ഹൈഡ്രജന്‍ ബോംബിന്റെ വലിപ്പം ചെറുതായതിനാല്‍ നിര്‍മിക്കാനും മിസൈലുകളില്‍ ഘടിപ്പിക്കാനും എളുപ്പമാണ്.
♦ പ്രഹരശേഷി അപാരമാണെങ്കിലും അണുബോംബിനെ പോലെ ഇതിന് റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ കുറവാണ്. അണുബോംബ് കാരണം ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായത് പോലെ പില്‍ക്കാലത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയില്ല.
♦ അമേരിക്ക, റഷ്യ ഇസ്രായേല്‍, ഫ്രാന്‍സ്, പാകിസ്താന്‍ ,ബ്രിട്ടന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പക്കല്‍ ഹൈഡ്രജന്‍ ബോംബിന്റെ സാങ്കേതിക വിദ്യയുണ്ട്. 1998ല്‍ പൊഖ്‌റാനിലണ് ഇന്ത്യ തെര്‍മോ ന്യൂക്ലിയര്‍വെപണ്‍ അഥവാ ഹൈഡ്രജന്‍ബോംബ് പരീക്ഷിച്ചത്. 1952 ല്‍ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്.
♦ ഒരുരാഷ്ട്രവും ഹൈഡ്രജന്‍ ബോംബ് ഇതുവരെ യുദ്ധത്തില്‍ പ്രയോഗിച്ചിട്ടില്ല.