ഹൈദരാബാദ്: പത്തുവയസ്സുകാരന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ വീട്ടുടമ അനുവദിക്കാത്തതിനെത്തുടര്‍ന്ന് അമ്മയും ഇളയ മകനും രാത്രി മുഴുവന്‍ തെരുവില്‍ കിടന്നു. ഡെങ്കിപ്പനി ബാധിച്ചു മരിച്ച മകന്റെ മൃതദേഹവുമായാണ് കനത്ത മഴയില്‍ അമ്മയും മകനും ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത്.
ഹൈദാരാബാദ് വെങ്കിടേശ്വര്‍ നഗര്‍ കുകട്പള്ളിയിലെ ഈശ്വരമ്മയ്ക്കാണ് സ്വന്തം മകന്റെ മൃതദേഹത്തെ തെരുവില്‍ കിടത്തേണ്ടി വന്നത്. ഗവണ്‍മെന്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഈശ്വരമ്മയുടെ മൂത്തമകന്‍ സുരേഷ് മരിക്കുന്നത്. മകന്റെ മൃതദേഹവുമായി ഈശ്വരമ്മ തന്റെ ഇളയ മകനൊപ്പം വീട്ടിലെത്തിയെങ്കിലും വീട്ടുടമ ജഗദീഷ് ഗുപ്ത വീട്ടില്‍ കയറാന്‍ സമ്മതിക്കാതിരിക്കുകയായിരുന്നു.
മകളുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളാവത്തതിനാല്‍ മൃതദേഹം വീട്ടില്‍ കയറ്റാനാവില്ലെന്നായിരുന്നു ഈശ്വരമ്മയോട് ഗുപ്ത പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഒരു രാത്രി മുഴുവനാണ് മകന്റെ മൃതദേഹവും കൊണ്ട് മഴയത്ത് ഈശ്വരമ്മയ്ക്കും ഇളയ മകനും പെരുവഴിയില്‍ കിടക്കേണ്ടി വന്നത്.
പിന്നീട് സംഭവം കണ്ട അയല്‍ക്കാര്‍ കൊണ്ടുവന്ന ടാര്‍പോളിന്‍ ഷീറ്റുപയോഗിച്ചാണ് കുട്ടിയുടെ മൃതദേഹം മൂടുന്നത്. മഹാബൂബ് നഗര്‍ സ്വദേശിയായ ഈശ്വരമ്മ കഴിഞ്ഞ നാലു വര്‍ഷമായി രണ്ട് മക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം.