ഹൈദരാബാദ് എറ്റുമുട്ടല്‍ കൊലപാതകം: നാലു മൃതദേഹങ്ങളുടെയും റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി
Hyderabad Encounter
ഹൈദരാബാദ് എറ്റുമുട്ടല്‍ കൊലപാതകം: നാലു മൃതദേഹങ്ങളുടെയും റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2019, 6:05 pm

ഹൈദരാബാദ്: വെറ്റിനററി ഡോക്ടറെ ബലാംത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതികളുടെ റീപോസ്റ്റുമോര്‍ട്ടം 48 മണിക്കൂറിനുള്ളില്‍ നടത്താന്‍ ഉത്തരവിട്ട് തെലുങ്കാന ഹൈക്കോടതി.

ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാന്‍, ജസ്റ്റിസ് എ. അഭിഷേക് റെഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് പ്രകാരം ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സംഘം ഡിസംബര്‍ 23 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി മൃതദേഹങ്ങളുടെ റീപോസ്റ്റുമോര്‍ട്ടം നടത്തണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനും കോടതി നിഷ്‌കര്‍ഷിച്ചു.
ഡിസംബര്‍ ഒമ്പതിന് മഹാബുബന്‍നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം മൃതദേഹങ്ങള്‍ ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ മൃതദേഹങ്ങള്‍ 50 ശതമാനവും അഴുകിയിട്ടുണ്ടെന്ന് ഗാന്ധി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ പി.ശരവണ്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.


മൃതദേഹങ്ങള്‍ റീപോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട ആവശ്യം നിലവിലെല്ലെന്ന് ഇദ്ദേഹം കോടതിയില്‍ അറിയിച്ചെങ്കിലും സംശയ ദൂരീകരണത്തിന് ദല്‍ഹി ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നായിരുന്നു കോടതി പ്രതികരിച്ചത്.
ഒപ്പം വെടിവെപ്പിനുപയോഗിച്ച തോക്കുകള്‍ പൊലീസ് അന്വേഷണ സംഘത്തിന് മുന്നില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഉറപ്പു വരുത്താനും കോടതി നിര്‍ദ്ദേശിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാംസംഘം ചെയ്ത്. തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികള്‍ ഡിസംബര്‍ ആറിന് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.