ഹൈദരാബാദ്: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തതിന് ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് വിദ്യാര്‍ത്ഥികളും. “ചലോ എഫ്.ടി.ഐ.ഐ” എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെയാണ് ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൂനെ ഫിലിം ഇന്സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ ഭാഗമാകുന്നത്.
“ഈ സമരം ഒരു ചെയര്‍മാനെ മാറ്റുന്നതിന് എന്നതിലുപരി മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഫാസിസത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമായി വളര്‍ന്നു കഴിഞ്ഞു. സമകാലിക ഇന്ത്യകാണുന്ന അത്തരത്തിലുള്ള ഏറ്റവും വലിയ സമരം ഇതാണ്. അതുകൊണ്ടു തന്നെ അതിനെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്.”
“ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ഒരു സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സമരത്തിന്റെ ഭാഗമാകുന്നത്. ഒരു പക്ഷെ ഫാസിസം ഇന്ത്യയില്‍ വളരാതിരിക്കണമെങ്കില്‍ എഫ്.ടി.ഐ.ഐ സമരം വിജയിക്കേണ്ടതുണ്ട്. അതിന് എത്ര ചെറിയ രീതിയിലാണെങ്കിലും പിന്തുണ നല്‍കണം.” ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ അരുന്ധതി പറഞ്ഞു.
സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതടക്കം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ക്കെതിരെ എഫ്.ടി.ടി.ഐയിലെ വിദ്യാര്‍ത്ഥികശള്‍ കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിന് ആരംഭിച്ച സമരം സെപ്റ്റംബര്‍ 19ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയും വിദ്യാര്‍ത്ഥികളുടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അതേസമയം വാര്‍ത്താ വിതരണ മന്ത്രാലയവുമായി ചര്‍ച്ചയക്ക് തയ്യാറാണെന്ന് എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയത്തിന്റെ മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.
നേരത്തെ ന്യൂസ്‌പേപ്പര്‍ രജിസ്റ്റാര്‍ എസ്.എം ഘാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ എല്ലാവരും സംതൃപ്തരാണെന്നും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും. ഈ റിപ്പോര്‍ട്ട് വാര്‍ത്താവിതരണ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും ഖാന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പ്രശ്‌നപരിഹാരത്തിന് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.