രോഹിത് വെമുലയടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥിളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നതിന് ചുക്കാന്‍ പിടിച്ചതിന്റെ പേരിലാണ് ദത്താത്രേയക്കെതിരെ കേസെടുത്തിരിക്കുന്നത്. അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതിന് ബന്ദാരു ദത്താത്രേയ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം രോഹിതിന്റെ അമ്മ രാധികയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ധര്‍ണയിരിക്കുകയാണ്. തന്റെ മകന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച കാരണം വൈസ് ചാന്‍സിലര്‍ വിശദീകരിക്കാതെ ധര്‍ണയവസാനിക്കില്ലെന്ന് അവര്‍ പറഞ്ഞു. ദളിത് ഇടതുപക്ഷ സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം പ്രദേശത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെയും ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും പ്രതിഷേധ പരിപരിപാടികള്‍ക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകരെയാണ് സര്‍വ്വകലാശല ഹോസ്റ്റലില്‍ നിന്നും ആഴ്ച്ചകള്‍ക്ക് മുമ്പ് പുറത്താക്കിയത്. എ.ബി.വി.പി പ്രവര്‍ത്തകരുമായുണ്ടായ അസ്വാരസ്യങ്ങളും ഇതിന്റെ പേരില്‍ ഏ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദവും വിദാര്‍ത്ഥികളെ പുറത്താക്കുന്നതിന് പ്രേരണയായിരുന്നു.
ഈ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു. ഇവര്‍ ജാതീയത വെച്ചുപുലര്‍ത്തുന്നവരും തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് നിര്‍ദേശിച്ച് എം.പി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. ഈ വിദ്യാര്‍ഥികള്‍ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ക്കുകയും ചെയ്‌തെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വി.സി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ക്യാമ്പസിലെ ചില സംഘടനകള്‍ ചേര്‍ന്ന് ജോയിന്റ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ക്യാമ്പസിലെ ഷോപിങ് കോംപ്ലക്‌സിന് നടുവില്‍ ഞായറാഴ്ച്ച റിലേ നിരാഹാര സമരം ആംരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രോഹിതിന്റെ ആത്മഹത്യ.
ഇന്നലെ വൈകുന്നേരമാണ് രോഹിതിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ് രോഹിത്.