'ഹിന്ദു മുസ്‌ലീം ഭായി ഭായി, സി.എ.എ ബൈ ബൈ'; ഹിന്ദുവിനെയും മുസ്‌ലീമിനെയും ഒന്നിപ്പിച്ചതിന് മോദിക്കും ഷായ്ക്കും നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍
CAA Protest
'ഹിന്ദു മുസ്‌ലീം ഭായി ഭായി, സി.എ.എ ബൈ ബൈ'; ഹിന്ദുവിനെയും മുസ്‌ലീമിനെയും ഒന്നിപ്പിച്ചതിന് മോദിക്കും ഷായ്ക്കും നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 5:17 pm

ഹൈദരാബാദ്: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ഹൈദരാബാദില്‍ ശനിയാഴ്ച തെരുവിലിറങ്ങിയത് നിരവധിപേര്‍. ‘ഹിന്ദു മുസ്‌ലീം ഭായി ഭായി, സി.എ.എ ബൈ ബൈ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

ഹൈദരാബാദുകാരും വിദ്യാര്‍ത്ഥികളും കച്ചവടക്കാരും അഭിഭാഷകരും തുടങ്ങി ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മഹ്ബുബ് നഗര്‍, കരീംനഗര്‍, നിസാമാബാദ് തുടങ്ങിയ അടുത്ത ജില്ലകളില്‍ നിന്നും നിരവധിപേര്‍ മാര്‍ച്ചിനെത്തി.

അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും പങ്കെടുത്തിരുന്നില്ല. എ.ഐ.എം.ഐ.എമ്മില്‍ നിന്നും പ്രാതിനിധ്യം കുറവായിരുന്നിട്ടുപോലും നിരവധിപേരാണ് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും ഒരുമിപ്പിച്ചു നിര്‍ത്തിയതിന് നന്ദി പറയുന്നുവെന്നും മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈദരാബാദിലെ ധര്‍മാ ചൗക്കിലെ ഇന്ദിരാ പാര്‍ക്കിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ചുചെയ്ത് എത്തിയത്. എന്നാല്‍ പ്രതിഷേധക്കാരെ മുന്‍കൂട്ടി കണ്ട് പൊലീസ് ഇന്ദിരാ പാര്‍ക്കിലെയും അടുത്തുള്ള പ്രദേശങ്ങളിലെയും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതായി പ്രതിഷേധക്കാര്‍ അറിയിച്ചു.

ഡിസംബര്‍ 26ന് ദാറുസ്സലാമില്‍ വെച്ചു നടന്ന പൊതു പരിപാടിയിലും ഭാഗികമായി പൊലീസ് ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തിയിരുന്നു.

പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കുകയും ചിലര്‍ തെലങ്കാന പൊലീസിന് സിന്ദാബാദ് വിളിക്കുകയും ചെയ്തു. ‘തെലങ്കാനാ പൊലീസ് സിന്ദാബാദ്’ എന്നാണ് മുദ്രാവാക്യം വിളിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ചിന് ശേഷം പ്രതിഷേധിച്ചവര്‍ മുന്നോട്ട് വരികയും റോഡുകള്‍ വൃത്തിയാക്കുകയും ചെയ്തു. 500ഓളം വരുന്ന അഭിഭാഷകര്‍ കറുത്ത കോട്ട് ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. തടവിലാക്കപ്പെട്ട പ്രതിഷേധക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്നും അവര്‍ അറിയിച്ചു. സമാധാനപരമായി നടന്ന പ്രതിഷേധം ദേശീയഗാനത്തോടുകൂടിയാണ് അവസാനിച്ചത്.