ഹൈദരാബാദ്: ഹൈദരാബാദിലെ ഷാ അലി ഭാണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാട്ടുകാരെ വളഞ്ഞ് മിലിറ്ററി രീതിയിലുള്ള പൊലീസിന്റെ മിന്നല്‍ പരിശോധന.
മുന്നറിയിപ്പില്ലാതെ 200ഓളം പൊലീസുകാര്‍ എത്തിയാണ് പ്രദേശവാസികളുടെ ആധാര്‍ പരിശോധിച്ചത്. ചാര്‍മിനാര്‍ എം.എല്‍.എ മുംതാസ് അഹമ്മദ് ഖാന്‍ ഇടപെട്ടാണ് പൊലീസിന്റെ പരിശോധന തടഞ്ഞത്.
എന്‍.ആര്‍.സിയിലും പൗരത്വ ഭേദഗതി നിയമത്തിലും ആശങ്ക നേരിടുന്ന ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാക്കാന്‍ കാരണങ്ങളൊന്നുമില്ലാതെ എന്തിനാണ് മിന്നല്‍ പരിശോധന എന്ന് അഹമ്മദ് ഖാന്‍ പൊലീസിനോട് ചോദിച്ചു.
സാധാരണ ഗതിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൊലീസ് ആധാര്‍ കാര്‍ഡും ആവശ്യപ്പെടുന്നുണ്ടെന്ന് പ്രദേശ വാസികള്‍ പരാതിപ്പെട്ടു.
മിന്നല്‍ പരിശോധന രജിസ്ട്രഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാനാണെന്നാണ് ഹൈദരാബാദ് പൊലീസ് അവകാശപ്പെടുന്നത്.
എന്നാല്‍ ഇരുനൂറോളം പൊലീസുകാര്‍ വീടുകള്‍ കയറി താമസക്കാരുടെ രേഖകള്‍ ആവശ്യപ്പെടുന്നത് ഏത് തരത്തില്‍ ന്യായീകരിക്കാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചോദിക്കുന്നു. 2019ല്‍ മാത്രം പൊലീസ് 192 മിന്നല്‍ പരിശോധന ഹൈദരാബാദില്‍ നടത്തിയെന്ന് ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.