ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടികയേയും പൗരത്വ ഭേദഗതി നിയമത്തേയും പിന്തുണച്ചുകൊണ്ട് പൊതു യോഗം നടത്താനുള്ള ബി.ജെ.പി ആവശ്യം നിരാകരിച്ച് ഹൈദരാബാദ് പൊലീസ്.
ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ രാജാ സിങ് ആയിരുന്നു പൊതുയോഗം നടത്താന്‍ പൊലീസില്‍ നിന്നും അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരമൊരു പൊതു യോഗത്തിനും റാലിക്കും അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് എം.എല്‍.എയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപട്ടികയ്ക്കുമെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ ബി.ജെ.പി നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരുന്നു. ജനകീയ സമരങ്ങളെ പ്രതിരോധിക്കാനെന്നവണ്ണമാണ് എന്‍.ആര്‍.സി, സി.എ.എ എന്നിവയെ പിന്തുണച്ച് റാലിയും പൊതു യോഗവും കൂടാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ പൗരത്വ രജിസ്റ്റര്‍ ആന്ധ്രപ്രദേശില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ വൈ.എസ്. ആര്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം ഉയര്‍ന്ന വേളയിലാണ് ജഗന്‍ മോഹന്‍ റെഡിയുടെ പ്രഖ്യാപനം.