| Friday, 4th December 2020, 12:56 pm

മുഴുവന്‍ സന്നാഹത്തെയും ഇറക്കി ബി.ജെ.പി കളിച്ചത് വെറുമൊരു കോര്‍പ്പറേഷന് വേണ്ടിയല്ല; ഹൈദരാബാദിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബി.ജെ.പി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 150 സീറ്റുകളില്‍ പോരാട്ടം നടക്കുന്നതില്‍ നിലവില്‍ 80 സീറ്റുകളിലും മുന്നേറുന്നത് ബി.ജെ.പിയാണ്.

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും തെലങ്കാന രാഷ്ട്ര സമിതിയുടെ നേതാവ് ചന്ദ്ര ശേഖര്‍ റാവുവും വലിയ തിരിച്ചടിയാണ് ഇക്കുറി നേരിട്ടിരിക്കുന്നത്.

അന്തിമ ഫലം എന്ത് തന്നെയായാലും ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് ഇതുവരെയുള്ള ഫല സൂചനകള്‍ വ്യക്തമാക്കുന്നുണ്ട്.

ഡിസംബര്‍ ഒന്നിനായിരുന്നു തെലങ്കാനയുടെ ഭാഗമായ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. മുംബൈ, ദല്‍ഹി തുടങ്ങിയ നഗരങ്ങളിലൊന്നും കാണിക്കാത്ത ആവേശമായിരുന്നു ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാണിച്ചത്.

ബി.ജെ.പി തങ്ങളുടെ മുതിര്‍ന്ന ദേശീയ നേതാക്കളെ അണിനിരത്തിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത്.

കേന്ദ ആഭ്യന്തരമന്ത്രി അമിത് ഷായും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും, ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയും ഹൈദരാബാദിലെത്തി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

റോഡ് ഷോകള്‍ക്ക് ദേശീയ നേതാക്കള്‍ തന്നെ മുന്നിട്ട് നിന്നു. ശക്തരായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് രംഗത്തിറക്കി.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേദ്ക്കര്‍ തുടങ്ങിയവരും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്നിലുണ്ടായിരുന്നു.

പൊതുവേ ബി.ജെ.പി ദുര്‍ബലമായ ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള പാര്‍ട്ടിയുടെ കഠിന പരിശ്രമമായി ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നവരുണ്ട്.അതല്ല ഉവൈസിയെ മാത്രം തങ്ങളുടെ രാഷ്ട്രീയ എതിരാളിയായി ഉയര്‍ത്തിക്കാണിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്നും പറയുന്നവരുണ്ട്.

തെലങ്കാനയില്‍ നേരിയ സ്വാധീനം മാത്രമാണ് ബി.ജെ.പിക്കുള്ളത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 7.1 ശതമാനമായിരുന്നു അന്ന് ബി.ജെ.പിയുടെ വോട്ട് ഷെയര്‍.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തുകയായിരുന്നു. സീറ്റുകള്‍ നാലാക്കിയും വോട്ട് ഷെയര്‍ 19.5 ആക്കിയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തി.

ഡുബ്ബക നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തെലങ്കാനയില്‍ നേട്ടം കൈവരിക്കാനായി. തെലങ്കാന രാഷ്ട്ര സമിതി നേതാവ് എസ്.സുജാതയെ ആയിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനാഥന്‍ റാവോ വിജയിച്ചത്.

2018മുതലുള്ള ബി.ജെ.പിയുടെ ഗ്രാഫ് പരിശോധിച്ചാല്‍ മാത്രം മതി തെലങ്കാനയില്‍ പതുക്കെ പാര്‍ട്ടി എങ്ങിനെ സ്വാധീനം മെച്ചപ്പെടുത്തിയെന്ന് അറിയാന്‍.

മനസുവെച്ചാല്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ നിന്നും തെലങ്കാനയിലെ സ്വാധീനം ഹൈദരാബാദില്‍ നിന്നു തന്നെ ഉറപ്പിക്കണമെന്ന ദേശീയ അജണ്ടയുടെ കൂടി അടിസ്ഥാനത്തിലാണ് ബി.ജെ.പി നേതാക്കള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് തമ്പടിച്ചതെന്ന പരാമര്‍ശം എതിരാളികള്‍ പോലും ആവര്‍ത്തിച്ചിരുന്നു.

വോട്ടെടുപ്പിന് ആഴ്ചകള്‍ മുമ്പ് ബി.ജെ,പിയുടെ മട്ടും ഭാവവും കണ്ടാല്‍ ഹൈദരാബാദില്‍ നടക്കുന്നത് പ്രധാനമന്ത്രി തെരഞ്ഞെടുപ്പാണെന്ന് തോന്നുമെന്ന് അസദുദ്ദിന്‍ ഉവൈസിയും ആവര്‍ത്തിച്ചിരുന്നു.

ഹൈദരാബാദ് നഗരത്തിന്റെ 44 ശതമാനം ജനസംഖ്യയും മുസ്‌ലിങ്ങളാണ്. ജനസംഖ്യയുടെ 52 ശതമാനമാണ് ഹിന്ദുക്കള്‍. മുസ്‌ലിം ജനസംഖ്യയുടെ വോട്ടുകള്‍ അസദുദ്ദിന്‍ ഉവൈസിക്ക് തന്നെയാണ് പോകാറുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചന്ദ്ര ശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയും ഉവൈസിയും സഖ്യത്തിലാണ്.

2016ല്‍ ടി.ആര്‍.എസ്- എ.ഐ.എം.ഐ.എം സഖ്യം 150 സീറ്റുകളില്‍ 99 ഉം നേടിയിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
പതിവു പോലെ തന്നെ ഈ തെരഞ്ഞെടുപ്പിലും നേതാക്കളെയെല്ലാം നിരത്തി വര്‍ഗീയ പ്രചരണങ്ങള്‍ തന്നെയാണ് ബി.ജെ.പി അഴിച്ചുവിട്ടത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ഉവൈസിയെ ജിന്നയോട് താരതമ്യം വരെ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നായിരുന്നു ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

പ്രചരണത്തിനായി യു.പിയില്‍ നിന്നെത്തിയ ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. തെലങ്കാനയിലെ നൈസാം വാഴ്ച അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

പ്രകടമായി വര്‍ഗീയത തന്നെയാണ് ബി.ജെ.പി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്ന് ഈ പരാമര്‍ശങ്ങള്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

ഇതെല്ലാം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ പ്രചരണം ഹൈദരാബാദ് മുന്‍സിപ്പല്‍ കോപ്പറേഷന് വേണ്ടി മാത്രമായിരുന്നില്ല പതുക്കെ തെലങ്കാനയിലെ അധികാരത്തിനും അതുവഴി ദക്ഷിണേന്ത്യയില്‍ തങ്ങളുട സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ കൂടിയായിരുന്നു എന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hyderabad muncipal election live: What bjp aimed at Hyderabad

We use cookies to give you the best possible experience. Learn more