| Sunday, 28th April 2024, 11:16 am

ദളിതര്‍ക്കും മുസ്‌ലിങ്ങൾക്കും എതിരെയുള്ള വിദ്വേഷം മാത്രമാണ് മോദിയുടെ ഗ്യാരണ്ടി: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി. ഏപ്രില്‍ 26ന് രാജസ്ഥാനില്‍ നടന്ന എ.ഐ.എം.ഐ.എമ്മിന്റെ റാലിയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

അടുത്തിടെ രാജസ്ഥാനില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് വീതിച്ച് നല്‍കുമെന്ന് മുസ്‌ലിം വിഭാഗത്തെ ഉദ്ദേശിച്ച് മോദി പ്രസംഗിച്ചിരുന്നു. ഇതിലായിരുന്നു ഉവൈസിയുടെ പ്രതികരണം.

മുസ്‌ലിം വിഭാഗമാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നതെന്നും ഫെര്‍ട്ടിലിറ്റി പ്ലാനിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത് മുസ്‌ലിം യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

‘മോദി പറയുന്നത് മുസ്‌ലിം വിഭാഗത്തില്‍ ഉള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളതെന്നാണ്. എന്നാല്‍ മോദിക്ക് ആറ് സഹോദരന്മാരുണ്ട്. അമിത് ഷാക്ക് ആറ് സഹോദരിമാരും ഉണ്ട്. ചില ആര്‍.എസ്.എസ് ഉന്നതര്‍ക്ക് പത്തും പന്ത്രണ്ടും സഹോദരങ്ങള്‍ ഉണ്ട്. മുസ്‌ലിം വിഭാഗത്തില്‍ ജനന നിരക്ക് കൂടുതല്‍ ആണെന്ന് കാണിച്ചുകൊണ്ട് ഹിന്ദു സഹോദരന്‍മാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനുള്ള മോദിയുടെ കുരുട്ട് ബുദ്ധിയാണ് ഈ വിദ്വേഷ പ്രസംഗം,’ ഉവൈസി പറഞ്ഞു.

മുസ്‌ലിം വിഭാഗത്തിന് ഒരിക്കലും രാജ്യത്തിന്റെ ഭൂരിഭാഗം ആവാന്‍ സാധിക്കില്ലെന്നും എന്നാണ് മോദിയുടെ മുസ്‌ലിം ഭയം മാറുകയെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിച്ചു. നരേന്ദ്ര മോദിയുടെ വിവാദമായ 17 കോടി ഇന്ത്യന്‍ മുസ്‌ലിങ്ങൾ പ്രത്യുത്പാദന ശേഷി ഇല്ലാത്തവരാണെന്ന പ്രസ്താവനക്കെതിരെ ഉവൈസി രൂക്ഷമായി പ്രതികരിച്ചു. മുസ്‌ലിം വിഭാഗത്തിനും ദളിതര്‍ക്കുമെതിരെയുള്ള വിദ്വേഷം മാത്രമാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് അദ്ദേഹം അണികളോട് പറഞ്ഞു.

ഇതിന് മുമ്പും ഉവൈസി ബി.ജെ.പിയുടെ മതവിദ്വേഷത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഹൈദരബാദ് ബി.ജെപി സ്ഥാനാര്‍ത്ഥിയായ മാധവി ലത മസ്ജിദിനു നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. നഗരത്തിന്റെ സമാധാനം ഇല്ലാതാക്കാനും മുസ്‌ലിം വിഭാഗത്തിനെ വേട്ടയാടാനുള്ള ബി.ജെപിയുടെ ആഹ്വാനമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Content highlight: Hyderabad MP Asaduddin Uwaisi criticized Narendra Modi’s hate speech

We use cookies to give you the best possible experience. Learn more