ന്യൂദല്‍ഹി: ലോക്‌സഭയില്‍ സത്യപ്രതിജ്ഞക്കിടെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. ‘ജയ് ഭീം, ജയ് മീം, ജയ് ഫലസ്തീന്‍, ജയ് തെലങ്കാന, അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. സത്യപ്രതിജ്ഞക്കായി ഉവൈസിയെ ക്ഷണിച്ചപ്പോള്‍ തന്നെ ബി.ജെ.പി എം.പിമാര്‍ ജയ് ശ്രീറാം വിളിച്ച് ബഹളമുണ്ടാക്കിയിരുന്നു.
#WATCH | AIMIM president and MP Asaduddin Owaisi takes oath as a member of the 18th Lok Sabha; concludes his oath with the words, “Jai Bhim, Jai Meem, Jai Telangana, Jai Palestine” pic.twitter.com/ewZawXlaOB
സത്യപ്രതിജ്ഞക്ക് അവസാനം ഉവൈസി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബി.ജെ.പി എം.പിമാരെ ചൊടിപ്പിച്ചു. ഉവൈസിക്കെതിരെ ബി.ജെ.പി എം.പിമാര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഫലസ്തീനുമായി ശത്രുതയില്ലെങ്കിലും മറ്റൊരു രാജ്യത്തെ പുകഴ്ത്തി ഒരു എം.പി സത്യപ്രതിജ്ഞ ചെയ്യുന്നത് ഉചിതമാണോ എന്ന പരിശോധിക്കേണ്ടതുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
‘ഒരു വശത്ത് ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. മറുവശത്ത് ഭരണഘടനക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു. ഉവൈസിയുടെ യഥാര്‍ത്ഥ മുഖം പുറത്ത്. ഓരോ ദിവസവും രാജ്യത്തിനെതിരായ പ്രവര്‍ത്തികളും വാദങ്ങളുമാണ് ഇവര്‍ ഉന്നയിക്കുന്നത്,’ എന്ന് കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.
എന്നാല്‍ പ്രതിഷേധത്തില്‍, തന്റെ മുദ്രാവാക്യങ്ങള്‍ ഭരണഘടനയുടെ വ്യവസ്ഥകളെ ലംഘിക്കുന്നതല്ലെന്ന് ഉവൈസി വ്യക്തമാക്കി.
‘പല എം.പിമാരും പല വിഷയങ്ങളും സത്യപ്രതിജ്ഞക്കിടെ ചൂണ്ടിക്കാട്ടി. ഞാന്‍ പറഞ്ഞത് ‘ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീന്’ അത് എങ്ങനെയാണ് ഭരണഘടനക്ക് വിരുദ്ധമാകുക. അത്തരത്തില്‍ ഒരു വ്യവസ്ഥ ഉണ്ടെങ്കില്‍ വ്യക്തമാക്കൂ,’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനുപുറമെ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ആത്മാര്‍ത്ഥതയോടെ ഉന്നയിക്കുന്നത് തുടരുമെന്നും ഉവൈസി എക്സില്‍ പ്രതികരിച്ചു.
ഇത് അഞ്ചാം തവണയാണ് അസദുദ്ദീന്‍ ഉവൈസി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ ബി.ജെ.പിയുടെ മാധവിലതയെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദില്‍ നിന്ന് ഉവൈസി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: Hyderabad MP Asaduddin Owaisi expressed solidarity with the Palestinian people during the oath-taking ceremony