ഹൈദരാബാദ്: കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബത്തുക്കമ്മ ആഘോഷ പരിപാടിക്കിടെ വാള്‍ വീശിയ ഹൈദരാബാദ് മേയര്‍ വിജയലക്ഷ്മിയുടെ പ്രവര്‍ത്തി വിവാദത്തില്‍. എന്‍.ബി.ടി നഗര്‍ സഞ്ചാര ഹില്‍സില്‍ നടന്ന ആഘോഷ പരിപാടിക്കിടയിലാണ് സംഭവം.
പരിപാടിക്കിടെ വാള്‍ ഉയര്‍ത്തി കാണിച്ച മേയര്‍ എന്‍.ബി.ടി നഗറിലെ സ്ത്രീകളേയും കുട്ടികളേയും ദുഷിച്ച കണ്ണുകളോടെ ആരും നോക്കരുതെന്നും ഇന്ന് ഞാന്‍ അനീതിക്കെതിരായി വാള്‍ ഏന്തിയെന്നും നാളെ എല്ലാ പെണ്‍കുട്ടികളും അങ്ങനെ ചെയ്യണമെന്നും ആള്‍ക്കൂട്ടത്തോട്ട് ആകക്രോശിച്ചിരുന്നു.
ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ മേയര്‍ തന്നെ അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരുന്നു. വീഡിയോയില്‍ പരമ്പരാഗത വസ്ത്രം ധരിച്ച സ്ത്രീകള്‍ ഡി.ജെ മ്യൂസിക്കിന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുമുണ്ട്.
അതേസമയം പരിപാടിക്കിടെ ഉണ്ടായ ശബ്ദ മലിനീകരണത്തിനെതിര പ്രദേശവാസികള്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. ഇതും മേയര്‍ തന്റെ പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി. ‘ഞങ്ങള്‍ ഇവിടെ ബത്തുകമ്മ ആഘോഷിക്കുകയാണ്, എന്നാല്‍ അസൂയാലുക്കളായ ചിലര്‍ ഞങ്ങള്‍ക്കെതിരായി പൊലീസിനെ വിളിക്കുന്നു,’ വിജയലക്ഷ്മി ഗദവാള്‍ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
ശബ്ദ മലിനീകരണം, പ്രദേശവാസികളുടെ അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടി മതപരമായ ആഘോഷങ്ങളിലും മറ്റ് പരിപാടികളിലും പടക്കം, ഡി.ജെ എന്നിവ ഉപയോഗിക്കുന്നത് ഹൈദരാബാദ് പൊലീസ് നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിനിയുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലൊരു പ്രവര്‍ത്തിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ സാമുഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നുണ്ട്.
ഘോഷയാത്രകളില്‍ ഡി.ജെ അടക്കമുള്ള സംവിധാനങ്ങളുടേയും പടക്കങ്ങളുടെയും ഉപയോഗം വലിയതോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഹൈദരബാദ് പൊലീസ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മതപരമായ ഘോഷയാത്രകളില്‍ ഡി.ജെ ഉപയോഗിക്കുന്നത് പങ്കെടുക്കുന്ന ആളുകളുടെ പെരുമാറ്റത്തില്‍ മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സൂചന.