ഹൈദരാബാദ്: പരിസ്ഥിതിലോല പ്രദേശങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കയ്യേറ്റങ്ങള്‍ തടയാന്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്റ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര) രൂപീകരിച്ച് തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലെ ഉള്‍പ്രദേശമായ ഖാനാപൂരില്‍ തടാകപ്രദേശം കൈയ്യേറിയെന്നാരോപിച്ച് മൂന്ന് നില കെട്ടിടം ഹൈഡ്ര പൊളിച്ചുനീക്കി.
സര്‍ക്കാരില്‍ നിന്ന് എല്ലാ അനുമതികളുമെടുത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതെന്ന് ഉടമകള്‍ പറഞ്ഞിരുന്നെങ്കിലും നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം കെട്ടിടങ്ങള്‍ ഹൈഡ്ര പൊളിച്ചുനീക്കുകയായിരുന്നു. ഉടമകള്‍ കെട്ടിടം പൊളിക്കുന്നതുവരെ നടപടി വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഖാനാപൂരിലെ സമീപ പ്രദേശങ്ങളായ ഗണ്ടിപ്പേട്ട്, ശങ്കര്‍പള്ളി തുടങ്ങിയ ഇടങ്ങളിലെ തടാകത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, ബഫര്‍സോണുകള്‍ എന്നിവിടങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങളെല്ലാം ഹൈഡ്ര പൊളിച്ചുനീക്കിയിട്ടുണ്ട്. ബഫര്‍സോണ്‍ പ്രദേശങ്ങളും പൊതുസ്ഥലങ്ങളും കൈയ്യേറ്റം ചെയ്ത് കെട്ടിടങ്ങളും കോംപ്ലക്സുകളും നിര്‍മിക്കുന്നത് തെലങ്കാനയില്‍ വ്യാപകമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തടാക പ്രദേശങ്ങള്‍, പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുടങ്ങി തെലങ്കാനയിലെ പല സ്ഥലങ്ങളിലും കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന് പാരിസ്ഥിതിക പ്രവര്‍ത്തകര്‍, പൈതൃക സംരക്ഷകര്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ബഫര്‍സോണിന് പത്ത് ഏക്കര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കരുതെന്ന നിയമം നിലവിലിരിക്കെയാണ് പല പ്രദേശങ്ങളിലും കോംപ്ലക്സുകളടക്കമുള്ള കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ളസ്രോതസ്സുകള്‍ക്കടുത്തുള്ള 40 ഓളം വീടുകളാണ് ഹൈഡ്ര പൊളിച്ചുനീക്കിയത്.
ഞായറാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളായി തുടരുന്ന ദൗത്യത്തില്‍ കാലങ്ങളായി ജനങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നത് സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
Content Highlight: Hyderabad: HYDRAA, Telangana Govt’s New Agency, Razes 52 Encroachments on Lake Beds