| Wednesday, 16th March 2022, 10:00 pm

തോറ്റിട്ടും ജയിച്ച് 'മഞ്ഞപ്പട'; മോഹന്‍ ബഗാനെ തോല്‍പിച്ച് ഹൈദരാബാദ് ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹീറോ ഐ.എസ്.എല്‍ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ 1-0ന് തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഹൈദരാബാദ് എഫ്.സി ഫൈനലില്‍. ഒന്നാം പാദത്തില്‍ നേടിയ മൂന്ന് ഗോളിന്റെ പിന്‍ബലത്തിലാണ് ഹൈദരാബാദ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തത്. ഫൈനല്‍ അഗ്രഗേറ്റ് സ്‌കോര്‍ 3-2.

ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ കലാശപ്പോരാട്ടതിന് യോഗ്യത നേടുന്നത്. മാര്‍ച്ച് 20ന് ഗോവയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.

ഫൈനലില്‍ ആരുതന്നെ ജയിച്ചാലും ഐ.എസ്.എല്ലില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമെന്നുറപ്പാണ്.

ആദ്യ പാദത്തിലെന്ന പോലെ റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്കായി ഗോള്‍ നേടിയത്. 79ാം മിനിറ്റിലായിരുന്നു താരം ഗോള്‍ നേടിയത്.

കളിയുടെ ഭൂരിഭാഗ സമയവും ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

23-ാം മിനിറ്റിലാണ് ഹൈദരാബാദ് എ.ടി.കെ ഗോള്‍മുഖത്തിലേക്ക് ആദ്യ ആക്രമണമഴിച്ചുവിടുന്നത്. ഓഗ്ബച്ചെയുടെ മികച്ച മുന്നേറ്റത്തില്‍ ഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു.

ആദ്യ ഡ്രിങ്ക് ബ്രേക്കിനുശേഷം ഹൈദരാബാദിന് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

37ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്റെ പാസില്‍ നിന്ന് തുറന്ന അവസരം ഹ്യൂഗോ ബോമസ് നഷ്ടമാക്കുമ്പോള്‍ തങ്ങളുടെ ഫൈനല്‍ മോഹങ്ങളാണ് തകരുന്നതെന്ന് മോഹന്‍ ബഗാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല. ഒരുപക്ഷേ, ബോമസ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുകയായിരുന്നെങ്കില്‍ 3-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടേനെ.

രണ്ടാം പകുതിയിലും പലകുറി മുന്നേറ്റം നടത്തിയെങ്കിലും മോഹന്‍ ബഗാനെ ഗോള്‍ മാത്രം കടാക്ഷിച്ചില്ല. ഒടുവില്‍ 79ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെ മുന്നിലെത്തിയപ്പോഴേക്കും കളി ഏകദേശം തീരുമാനമായിരുന്നു.

Content Highlight: Hyderabad FC to the Final of Hero Indian Suprer League
We use cookies to give you the best possible experience. Learn more