ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23ല്‍ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. രണ്ട് ദക്ഷിണേന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന ലീഗിലെ അവസാന മത്സരമായിരിക്കും ഇത്.
നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹൈദരാബാദിനെ സംബന്ധിച്ച് ഈ മത്സരം അത്ര നിര്‍ണായകമായിരിക്കില്ല.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് ഹൈദരാബാദ് എഫ്.സി കോച്ച് മനോലോ മര്‍ക്വേസ്. ബ്ലാസ്‌റ്റേഴ്‌സ നിരയിലെ വിദേശ താരങ്ങളാണ് അപകടകാരികളണെന്നാണ്. അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
അഡ്രിയാന്‍ ലൂണ ഐ.എസ്.എല്ലിലെ തന്നെ മികച്ച താരമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സൈന്‍ ചെയ്ത ദിമിത്രിയസ് ദിയാമെന്റാക്കോസ് മികച്ച സെന്റര്‍ ഫോര്‍വേഡാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ടത്തില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നത് ഇന്ന് നടക്കാന്‍ ഇരിക്കുന്ന എ.ടി.കെ മോഹന്‍ ബഗാനും ഈസ്റ്റ് ബെംഗാളും തമ്മിലുള്ള മത്സരമാണ്.
ഈ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ പരാജയപ്പെട്ടാല്‍ മാത്രമേ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കൂ. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ എ.ടി.കെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കും.
പിന്നീട് അവസാന കളിയില്‍ ജയിച്ചാല്‍പ്പോലും ബ്ലാസ്റ്റേഴ്‌സിന് മൂന്നാം സ്ഥാനത്ത് എത്താനാവില്ല. ഇന്നത്തെ കളി സമനിലയില്‍ അവസാനിക്കുകയോ, ഈസ്റ്റ് ബെംഗാള്‍ വിജയിക്കുകയോ ചെയ്യണമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.