നീതി നടപ്പാക്കിയെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ; വാറംഗല്‍ ആസിഡ് ആക്രമണം നേരിട്ട പ്രണിത പറയുന്നു
national news
നീതി നടപ്പാക്കിയെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ; വാറംഗല്‍ ആസിഡ് ആക്രമണം നേരിട്ട പ്രണിത പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2019, 12:56 pm

ക്രിമിനല്‍ കേസുകളിലെ പ്രതികളെ കൊല്ലുന്നത് വഴി ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് വാറംഗല്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ പ്രണിത. 2008 ല്‍ പ്രണിതയ്ക്കും സുഹൃത്ത് സ്വപ്‌നികയ്ക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.

ഹഫിംഗ്ടണ്‍ പോസ്റ്റിന് രണ്ട് ദിവസം മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് പ്രണിത ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2008 ഡിസംബര്‍ എട്ടിനാണ് പ്രണിതയ്ക്കും സുഹൃത്ത് സ്വപ്‌നികയ്ക്കും നേരെ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ ആസിഡ് ഒഴിച്ചത്. യുവാക്കളിലൊരളായ ശ്രീനിവാസ്. സ്വപ്‌നികയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ സ്വപ്‌നിക ഇത് നിരസിച്ചു.

ഇതിനെ തുടര്‍ന്ന് പ്രണിതയും സ്വപ്‌നികയും ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ മൂന്നുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നേരത്തെ ശ്രീനിവാസ് ശല്യം ചെയ്യുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായ ശേഷം പൊലീസിന്റെ നിഷ്‌ക്രിയത്വം വലിയ ചര്‍ച്ചയായിരുന്നു.

അതിനിടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വപ്‌നിക മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനിടെ കൊലപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രണിതയും സുഹൃത്തും ആക്രമിക്കപ്പെട്ട് മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതികളായ യുവാക്കള്‍ കൊല്ലപ്പെടുന്നത്. അവര്‍ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞതിനെക്കുറിച്ച് പ്രണിത പറയുന്നതിങ്ങനെ:-

ആ സമയത്ത് എനിക്കെന്റെ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ കിടന്നിരുന്ന റൂമിന്റെ വാതില്‍ക്കല്‍ വന്ന് ആരോ പറയുന്നത് കേട്ടു നീ കാരണം ആ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്ന്. കണ്ണിന് മുകളില്‍ ബാന്‍ഡേജുള്ളതിനാല്‍ അതാരാണ് പറഞ്ഞതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. തങ്ങള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് വെച്ചുതന്നെയാണ് അവരും കൊല്ലപ്പെട്ടതെന്ന് ഞാന്‍ മനസിലാക്കി.

ആ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് ഭയമാണ് തോന്നിയതെന്നും പ്രണിത പറയുന്നു.

ഞാന്‍ വളരെ പേടിച്ചു. നിങ്ങള്‍ മൂന്നുപേരുടെ ജീവനില്ലാകുന്നതിന് കാരണമാകുന്ന അവസ്ഥയൊന്നാലോചിച്ച് നോക്കൂ… ഒരുപക്ഷെ ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷമായിരുന്നിരിക്കാം തോന്നേണ്ടത്. എന്നാല്‍ എന്റെ കാര്യത്തില്‍ അത് വ്യത്യസ്താമായിരുന്നു. ഞാന്‍ പേടിച്ചു പോയിരുന്നു.’

ഏറ്റുമുട്ടലില്‍ ആ മൂന്നുപേര്‍ കൊല്ലപ്പെട്ട വാര്‍ത്ത എന്നോടു പറഞ്ഞ ആ ശബ്ദം എന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. ഒന്നാലോചിച്ചു നോക്കൂ… ഒരു കോളേജ് വിദ്യാര്‍ത്ഥിനി ക്ലാസിലേക്ക് പോകുന്നു, അവള്‍ ആക്രമിക്കപ്പെടുന്നു, ആശുപത്രിയിലാകുന്നു. ശേഷം നിങ്ങള്‍ കേള്‍ക്കുന്നത് നിങ്ങളെ ആക്രമിച്ചവരുടെ മരണത്തിനുത്തരവാദി നിങ്ങളാണെന്നാണ്. നമ്മള്‍ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നും.

അവര്‍ കൊല്ലപ്പെട്ടതുവഴി നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു പ്രണിതയുടെ മറുപടി.

ഇത്തരം നടപടികള്‍ കൊണ്ടാണ് നീതി ലഭിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ മുഖം പഴയ അവസ്ഥയിലായാലേ എനിക്ക് നീതി ലഭിക്കൂ. എനിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിഞ്ഞാലേ എനിക്ക് നീതി ലഭിക്കൂ. അതാണ് നീതി. അല്ലാതെ എന്നെ ആക്രമിച്ചവര്‍ കൊല്ലപ്പെട്ടാല്‍ ആ ഓര്‍മ്മകളും എന്നെ വേട്ടയാടും.

പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് സമൂഹത്തില്‍ കുറ്റവാളികള്‍ പെരുകാന്‍ കാരണമെന്ന് പ്രണിത വിശ്വസിക്കുന്നു. എന്നെയും സ്വപ്‌നികയേയും ആക്രമിച്ചവരും വെറ്റിനറി ഡോക്ടറെ ആക്രമിച്ചവരും വിശ്വസിക്കുന്നത് തങ്ങള്‍ ശിക്ഷിക്കപ്പെടില്ല എന്നാണ്. അഥവാ പിടിക്കപ്പെട്ടാല്‍ ദിവസങ്ങള്‍ കഴിഞ്ഞുള്ള നിയമപോരാട്ടങ്ങളിലൂടെ അവര്‍ക്ക് പുറത്തിറങ്ങാമെന്ന് കരുതുന്നു.

എന്നാല്‍ ഇത്തരം പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുകയാണ് വേണ്ടതെന്ന അഭിപ്രായത്തേയും പ്രണിത തള്ളിക്കളയുന്നു. ആ പ്രതികള്‍ കൊല്ലപ്പെട്ടാല്‍ മാധ്യമങ്ങള്‍ മറ്റ് വിഷയങ്ങളിലേക്ക് തിരിയുമ്പോള്‍ ജനങ്ങളും ഇതെല്ലാം താനേ മറക്കും. ഈ സംഭവങ്ങളെല്ലാം വീണ്ടും തുടരും.

എന്റെ കേസില്‍ പ്രതികള്‍ കൊല്ലപ്പെട്ടെങ്കില്‍ വെറ്റിനറി ഡോക്ടറുടേയും നിര്‍ഭയയുടേയും കേസില്‍ അത് സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വധശിക്ഷയ്ക്ക് പകരം രാജ്യത്തെ വ്യവസ്ഥിതികളാണ് മാറേണ്ടത് എന്നും പ്രണിത പറയുന്നു.

സംഭവം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഏറ്റുമുട്ടല്‍ കൊല കൊണ്ട് തനിക്കും സുഹൃത്തിനും നീതി ലഭിച്ചില്ലെന്ന് പറയുകയാണ് പ്രണിത. പൊലീസിന് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവ് ശേഖരിക്കാന്‍ സാധിക്കണം. ആള്‍ക്കൂട്ട ആക്രമണത്തിന് പകരം വേണ്ടത് ശക്തമായ നിയമമാണെന്നും നീതി ഉറപ്പാക്കുകയെന്നതാണ് സ്ത്രീ സുരക്ഷയ്ക്ക് വേണ്ട അടിസ്ഥാനഘടകമെന്നും പ്രണിത പറയുന്നു.

പരാതികളില്‍ പൊലീസ് ഉടന്‍ ഇടപെടുകയും കോടതിയിലെത്തുന്ന കേസുകളില്‍ അതിവേഗം വിചാരണ ചെയ്യുകയുമാണ് വേണ്ടതെന്നും പ്രണിത കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: