ജോര്‍ജ്ജ് സ്റ്റിന്നി ജൂനിയര്‍ എന്ന് കേട്ടിട്ടുണ്ടോ? 1944-ല്‍ പതിനാലാമത്തെ വയസില്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലെ കൊളമ്പിയയില്‍ ഭരണകൂടം കൊന്നു. ഇലക്ട്രിക് ചെയറിലിരുത്തി ഷോക്കടിപ്പിച്ച്.
രണ്ട് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ 14 വയസുള്ള കറുത്ത വര്‍ഗ്ഗക്കാനായ ജോര്‍ജ്ജ് സ്റ്റിന്നി ജൂനിയറാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. രണ്ട് മണിക്കൂറായിരുന്നു വെള്ളക്കാര്‍ മാത്രമുണ്ടായിരുന്ന ജൂറിക്ക് മുന്നില്‍ കോടതി നടപടികള്‍ നീണ്ടത്. പത്ത് മിനുട്ടായിരുന്നു വിധി പറയാനെടുത്ത സമയം.
2004-ല്‍ ഈ കേസിന്റെ പുനര്‍വിചാരണ നടക്കുകയും 2014-ല്‍, എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഭരണകൂടം ഷോക്കടിപ്പിച്ച് കൊന്ന ജോര്‍ജ്ജ് സ്റ്റിന്നി കുറ്റക്കാരനല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
ഇത് അമേരിക്കയിലെ ആയിരക്കണക്കിന് സംഭവങ്ങളിലൊന്നുമാത്രമാണ്.
1930നും 1972നും ഇടയില്‍ 455 പേര്‍ യുണൈറ്റെഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷയ്ക്ക് ഇരയായി. അതില്‍ 89.1 ശതമാനം പേരും കറുത്ത വര്‍ഗ്ഗക്കാരായിരുന്നു. ഇന്നേവരെ ബ്ലാക്ക് സ്ത്രീകളേയോ ബ്ലാക്ക് കുഞ്ഞുങ്ങളേയോ ബലാത്സംഗം ചെയ്ത (നോണ്‍ ഹോമിസൈഡല്‍) കേസുകളില്‍ ഒരു വെള്ളക്കാരന്‍ പോലും അമേരിക്കയില്‍ വധശിക്ഷക്കിരയായിട്ടില്ല.
അമേരിക്കയിലെ ഏതാണ്ട് 80 ശതമാനം കൊലപാതകക്കേസുകളിലും വെള്ളക്കാരാണ് പ്രതികളെന്നാണ് കണക്ക്. പക്ഷേ എല്ലാ കൊലപാതങ്ങളും കണക്കിലെടുത്താല്‍ ഇരകളില്‍ അമ്പത് ശതമാനത്തില്‍ താഴെയാണ് വെള്ളക്കാര്‍.
പക്ഷേ 1976 മുതല്‍ 2019 മേയ് വരെയുള്ള കണക്ക് നോക്കിയാല്‍ കറുത്തവര്‍ഗ്ഗക്കാരന്‍ കൊല്ലപ്പെടുകയും വെള്ളക്കാരന്‍ പ്രതിയാവുകയും ചെയത കേസുകളില്‍ 21 പേര്‍ മാത്രം വധശിക്ഷക്കിരായപ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രതിയും വെള്ളക്കാരന്‍ ഇരയുമായ കേസുകളില്‍ 291 പേരെ വധശിക്ഷയ്ക്കിരയാക്കിയിട്ടുണ്ട്.
ഈ കണക്കുകളെത്ര വേണമെങ്കിലും വിശദമാക്കാം. ഇന്റര്‍നെറ്റില്‍ കുറച്ച് നേരം മെനക്കെട്ടാല്‍ മതി. അമേരിക്കയിലിലുള്ളതിലേറെ വൈറ്റ് സുപ്രീമസിയുള്ള/മേല്‍ജാതി, മത ബോധമുള്ള നാടാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളവരുടെ പട്ടിക നോക്കണം. അതില്‍ ജാതി/മതം/സാമ്പത്തിക നില എന്നിവ എത്രമാത്രം ഘടകമായിട്ടുണ്ട് എന്ന് നോക്കണം.
അതിന് ശേഷം നമുക്ക് എക്ട്രാ ജൂഡിഷ്യല്‍ /നിയമത്തിന് പുറത്ത് നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കാം. അഥവാ നിയമം നടപ്പാകുമ്പോള്‍ തന്നെ ശിക്ഷ ലഭിക്കുന്നതില്‍ ഭൂരിപക്ഷവും അധസ്ഥിത സമൂഹങ്ങളാണ്. മുസ്ലീങ്ങള്‍/ദളിതര്‍/ആദിവാസികള്‍/മറ്റ് പിന്നാക്ക വിഭാഗങ്ങള്‍.
അപ്പോള്‍ പിന്നെ പോലീസ് നടപ്പാക്കുന്ന എന്‍കൗണ്ടര്‍ കില്ലിങ് എന്ന കോള്‍ഡ് ബ്ലഡഡ് കൊലപാതങ്ങളോ? അതിന്റെ ഇരകളാരായിരിക്കും? സംശയമുണ്ടോ?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോലീസ് കൊലപാതകങ്ങളില്‍ ആനന്ദിക്കുന്ന, അതിനെ എതിര്‍ക്കുന്നവരെ ആക്ഷേപിക്കുന്ന, അത്രേം കുറച്ച് മനുഷ്യാവകാശം മതിയെന്ന് ആക്രോശിക്കുന്നവരില്‍ ഭൂരിപക്ഷം പേരും അന്യനൊരു അടികൊള്ളുന്നത് നോക്കി നില്‍ക്കാന്‍ ശേഷിയില്ലാത്ത പാവങ്ങളാകും. അനീതിയില്‍ നനഞ്ഞു നില്‍ക്കുന്നവരുടെ രോഷമാകും.
പക്ഷേ രോഷം കൊണ്ട് കാഴ്ച പോയാല്‍ നമുക്ക് ഭരണഘടനയുടെ, നീതിയെന്ന പ്രതീക്ഷയുടെ ഇത്തരി വെട്ടം പോലും കാണാനാവില്ല. തോക്കുകള്‍ നിങ്ങള്‍ക്ക് നേരെ/നമുക്ക് നേരെ ചൂണ്ടുന്നത് കാണാന്‍ പോലും കഴിയില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ