| Friday, 4th December 2020, 4:35 pm

ജുഡീഷ്യല്‍ അന്വേഷണം വേണം; തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ അട്ടിമറി ആരോപണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതില്‍ പ്രതികരണവുമായി ബി.ജെ.പി. ഡിസംബര്‍ ഒന്നിന് നടന്ന വോട്ടെടുപ്പില്‍ തിരിമറി നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എം.പി ബണ്ടി സഞ്ജയ് പറഞ്ഞു.

‘നാല് മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിടത്ത് നിന്ന് ആറ് മണിയായപ്പോഴേക്ക് 46.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അവസാന മണിക്കൂറില്‍ പോളിംഗിലുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം’, സഞ്ജയ് പറഞ്ഞു.

നേരത്തെ ബി.ജെ.പിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ 36 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

തെലങ്കാന രാഷ്ട്രസമിതിയാണ് (ടി.ആര്‍.എസ്) ആണ് മുന്നില്‍. 70 സീറ്റുകളിലാണ് ടി.ആര്‍.എസ് മുന്നിട്ട് നില്‍ക്കുന്നത്. ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം 42 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hyderabad Election BJP Responds

We use cookies to give you the best possible experience. Learn more