ഹൈദരാബാദ്: ഹൈദരാബാദിലെ ഘട്‌കേസറിൽ വ്യാപാരികൾക്ക് നേരെ ‘പശു വിജിലന്റ്സ്’ നടത്തിയ ആക്രമണത്തിൽ കേസ് എടുത്ത് പൊലീസ്.
പുതുവർഷ ദിനത്തിലായിരുന്നു സംഭവം നടന്നത്. ജനുവരി ഒന്ന് ബുധനാഴ്ച രാത്രി നഗരത്തിലേക്ക് പോത്തുകളെയും കൊണ്ട് പോവുകയായിരിക്കുന്ന വ്യാപാരികളെ ഒരു സംഘം ‘പശു സംരക്ഷകർ’ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഘട്‌കേസർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘർഷാവസ്ഥ ഉണ്ടായി.
രാത്രി 11 മണിയോടെ കന്നുകാലി വ്യാപാരിയായ അമീർ ഖുറേഷി നൽഗൊണ്ട മാർക്കറ്റിലെ ബി.ബി ബസാറിൽ നിന്ന് ആറ് കന്നുകാലികളെ വാങ്ങി തന്റെ വാഹനത്തിൽ ഹൈദരാബാദ് നഗരത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
ഘട്‌കേസർ ട്രാഫിക് സിഗ്നലിൽ വെച്ച് ബി.ജെ.വൈ.എം മെഡ്ചൽ റൂറൽ ജില്ലാ പ്രസിഡൻ്റ് പവൻ റെഡ്ഡിയും കൂട്ടാളികളും വാഹനം തടഞ്ഞുനിർത്തി വ്യാപാരിയെ ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ലോക്കൽ പൊലീസ് സ്ഥലത്തെത്തി വ്യാപാരിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് എ.ഐ.എം.ഐ.എം, എം.എൽ.സി മിർസ റഹ്മത്ത് ബെയ്ഗ് ഉടൻ ഘട്കേസർ പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു.
അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റ വ്യാപാരിയെ ചികിത്സയ്ക്കായി മാറ്റിയ ഒസ്മാനിയ ജനറൽ ആശുപത്രി റഹ്മത്ത് ബെയ്ഗ് സന്ദർശിച്ചു. സംഭവത്തിൽ ഘട്‌കേസർ പൊലീസ് കേസെടുത്തു.
Content Highlight: Hyderabad: Cow vigilantes attack traders in Ghatkesar, case filed