ഹൈദരാബാദ്: യാത്രക്കാരുടെ വാട്‌സാപ്പ് ചാറ്റ് പരിശോധിച്ച് ഹൈദരാബാദ് പൊലീസിന്റെ കഞ്ചാവ് വേട്ട.
ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ കഞ്ചാവിന്റെ ഉപയോഗമോ നടത്താന്‍ അനുവദിക്കരുതെന്ന കമ്മീഷണര്‍ ഓഫീസിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങിയുള്ള ഈ പരിശോധന.
പൊലീസിന്റെ കഞ്ചാവ് വേട്ടയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
യാത്രക്കാരുടെ ഫോണ്‍ വാങ്ങിയ ശേഷം സേര്‍ച്ച് ബോക്‌സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
പൊലീസിന്റെ പരിശോധനാ രീതിയെക്കുറിച്ച് തനിക്ക് അറിയാമെന്നും ആരുടേയും ഫോണ്‍ തട്ടിപ്പറിച്ചല്ല പരിശോധനയെന്നും അതുകൊണ്ടു തന്നെ നിയമവിരുദ്ധമായിട്ടൊന്നും നടക്കുന്നില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
എന്നാല്‍, നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവൃത്തിയാണ് പൊലീസ് ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ ഹൈദരാബാദ് പൊലീസിന്റെ നടപടി പൗരന്റെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു.