|

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞു; അനാവശ്യ നടപടിയെന്ന് ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബുര്‍ഖ ധരിച്ച് പരീക്ഷ ഭവനിലെത്തിയ വിദ്യാര്‍ത്ഥിനികളെ കെ.വി. രംഗ റെഡി ഡിഗ്രി കോളേജിലെ ജീവനക്കാര്‍ തടഞ്ഞതായി പരാതി. പരീക്ഷ എഴുതാന്‍ ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെന്നും ബുര്‍ഖ അഴിച്ചുമാറ്റേണ്ടി വന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളോട് പരീക്ഷ ഹാളിലേക്ക് കയറുന്നതിന് മുമ്പ് ബുര്‍ഖ അഴിച്ചുമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറോളം തങ്ങളെ ജീവനക്കാര്‍ തടഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവസാനം ബുര്‍ഖ അഴിച്ചുമാറ്റിയതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ പ്രവേശിച്ചത്.

‘നാളെ മുതല്‍ ബുര്‍ഖ ധരിച്ച് പരീക്ഷക്കെത്തരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പരീക്ഷ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സംഭവത്തില്‍ ഞങ്ങളുടെ രക്ഷിതാക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിച്ച് പരീക്ഷ കേന്ദ്രത്തില്‍ കയറാന്‍ സമ്മതിക്കാതിരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരുടെ മുമ്പില്‍ വെച്ച് ബുര്‍ഖ അഴിച്ചുമാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും കുറച്ച് സമയം കൂടി നല്‍കണമെന്ന തങ്ങളുടെ അപേക്ഷ മാനേജ്‌മെന്റ് പരിഗണിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്ത്രീകള്‍ കഴിയുന്നത്ര കവര്‍ ചെയ്ത് വസ്ത്രം ധരിക്കണമെന്നാണ് സംഭവത്തില്‍ തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്‌മൂദ് അലി പറഞ്ഞത്. സ്ത്രീകള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങളുടേത് മതേതര കാഴ്ചപ്പാടാണ്. എല്ലാവര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരാള്‍ ഹിന്ദുമത പ്രകാരമോ മുസ്‌ലിം മതപ്രകാരമോ വസ്ത്രം ധരിക്കണം അല്ലാതെ യൂറോപ്യന്‍ സംസ്‌കാരം പിന്തുടരാന്‍ പാടില്ല. നമ്മുടെ വസ്ത്രധാരണ സംസ്‌കാരത്തെ നമ്മള്‍ ബഹുമാനിക്കണം. സ്ത്രീകള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. അവര്‍ കഴിയുന്നത്ര കവര്‍ ചെയ്ത് വസ്ത്രം ധരിക്കണം. ബുര്‍ഖ ധരിക്കരുതെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല, നടപടി ഉണ്ടാകും,’ മഹ്‌മൂദ് അലി പറഞ്ഞു.

കെ.വി. രംഗ റെഡി ഡിഗ്രി കോളേജിലെ സംഭവത്തെ കുറിച്ച് പരിശോധിച്ചതിന് ശേഷം വേണ്ട നടപടികള്‍ എടുക്കുമെന്ന് വ്യക്കമാക്കുമെന്ന് പറഞ്ഞു.

Content Highlight: Hyderabad college deny entry to burq clad students