| Friday, 1st November 2024, 8:32 pm

ന്യായമായ വേതനം ലഭിക്കണം; ഹൈദരാബാദ് ക്യാബ് ഡ്രൈവർമാർ ഊബർ ബഹിഷ്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ന്യായമായ വേതനം ആവശ്യപ്പെട്ട് ഊബർ ബഹിഷ്‌കരിച്ച് ക്യാബ് ഡ്രൈവർമാർ. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയന്റെ (ടി.ജി.പി.ഡബ്ല്യു.യു) നേതൃത്വത്തിലാണ് ബഹിഷ്കരണം. ആപ്പ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമുകളിൽ ഡ്രൈവർമാർക്കിടയിൽ അതൃപ്തി വർധിച്ചതിനെ തുടർന്നാണ് ബഹിഷ്‌കരണം.

തങ്ങൾക്ക് ന്യായമായതും സ്ഥിരമായതുമായ വരുമാനം നൽകണമെന്ന് തൊഴിലാളികൾ ഊബറിനോട് ആവശ്യപ്പെട്ടു.  ആവശ്യമായ വാണിജ്യ രജിസ്ട്രേഷനില്ലാതെ ടാക്സികളായി ഓടുന്ന സ്വകാര്യ വാഹനങ്ങൾ, പ്രത്യേകിച്ച് വെള്ള നമ്പർ പ്ലേറ്റുള്ള ടൂ വീലറുകളും ഫോർ വീലറുകളും നിരോധിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെടുന്നു.

ഉചിതമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിക്കൊണ്ടും യൂണിയനുമായി സഹകരിച്ചും ന്യായമായ വേതനത്തിന് മുൻഗണന നൽകുന്നതും ഡ്രൈവർമാരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതും യാത്രക്കാർക്ക് സുരക്ഷിതമായ സേവനങ്ങൾ ഉറപ്പാക്കുന്നതുമായ ഒരു സർക്കാർ റൈഡ്-ഹെയ്‌ലിങ് ആപ്പ് വികസിപ്പിക്കാൻ തെലങ്കാന സർക്കാരിനോട് ഇവർ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ, ഡ്രൈവർമാർക്ക് ന്യായമായ വേതനം നൽകുകയും അവരുടെ ക്ഷേമം കണക്കിലെടുക്കുന്നതും ചെയ്യുന്ന ഇതര പ്ലാറ്റ്‌ഫോമുകൾ തെരഞ്ഞെടുത്ത് ഹൈദരാബാദ് ക്യാബ് ഡ്രൈവർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യൂണിയൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് ഊബർ. സ്മാർട്ട് ഫോൺ സൗകര്യമുള്ള യാത്രക്കാർക്ക് ഊബർ എന്ന മൊബൈൽ ആപ് ഉപയോഗിച്ച് വേണ്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.

Content Highlight: Hyderabad cab drivers boycott Uber demanding fair fares, ban on pvt vehicles

We use cookies to give you the best possible experience. Learn more