ഹൈദരാബാദ് സ്‌ഫോടന പരമ്പര; 16 മരണം
India
ഹൈദരാബാദ് സ്‌ഫോടന പരമ്പര; 16 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd February 2013, 8:34 am

ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 16 പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചുമിനിറ്റിന്റെ ഇടവേളയിലാണ് തുടര്‍ച്ചയായി 2 സ്‌ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമാണ്. []

“ഹൈദരാബാദിലേത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണിത്. ഇത് പ്രാഥമിക വിവരം മാത്രമാണ്. വിദഗ്ധപരിശോധനക്കും അന്വേഷത്തിനും ശേഷം മാത്രമേ പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുവെന്ന്” ആന്ധ്രപ്രദേശ് ഡി.ജി.പി വി ദിനേഷ് റെഢി പറഞ്ഞു. ഡി.ജി.പി ദല്‍ഹിയില്‍ നടന്ന ആഭ്യന്തര സുരക്ഷാ യോഗത്തിന് ശേഷം ഹൈദരാബാദിലെത്തുമ്പോഴാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

“ആദ്യ സ്‌ഫോടനം നടന്ന സ്ഥലം ഹൈദരാബാദ് കമ്മീഷ്ണറേറ്റിന് കീഴിലുള്ള സ്ഥലത്താണ്. രണ്ടാമത്തേത് ദില്‍ക്കുഷ് നഗറിനടുത്തായി സൈബരാബാദില്‍”. റെഢി പറഞ്ഞു. സൈബരാബാദ് രണ്ട് കമ്മീഷ്ണറേറ്റുകളുടേയും അതിര്‍ത്തി കൂടിയാണ്.

തിരക്കേറിയ ദില്‍സുക്ക് നഗര്‍ മാര്‍ക്കറ്റിലെ ബസ്സ്റ്റാന്റിന് സമീപത്താണ് സ്‌ഫോടനം നടന്നത്. വൈകീട്ട് 7 മണിയോട് കൂടിയാണ് ആദ്യ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് അഞ്ചുമിനിറ്റിനുള്ളില്‍ മറ്റൊരു സ്‌ഫോടനമുണ്ടായി. കൊണാര്‍ക്ക്, വെങ്കിടാദ്രി തിയറ്ററുകള്‍ക്ക് മുന്നിലാണ് സ്‌ഫോടനം നടന്നത്.

പരിക്കേറ്റവരെ ഉസ്മാനിയ മെഡിക്കല്‍ കോളേജുള്‍പ്പടെ നിരവധി ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

സ്‌ഫോടനവിവരം ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നിലാരെന്ന് വ്യക്തമായിട്ടില്ല. എന്‍.ഐ.എ, എന്‍.എസ്.ജി സംഘങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഹൈദരാബാദില്‍ സ്‌ഫോടനത്തിനുസാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായും സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമനാക്കി. സ്‌ഫോടക വസ്തു സൈക്കിളിലാണ് സ്ഥാപിച്ചിരുന്നതെന്നും അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാമെന്നും മാധ്യമപ്രവര്‍ത്തകരോടായി ഷിന്‍ഡെ പറഞ്ഞു.

സ്‌ഫോടനത്തിനായി ട്രിഗര്‍ മെക്കാനിസമാണ് ഉപയോഗിച്ചതെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്ത് ആകമാനവും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2007 ആഗസ്റ്റ് 25 ന് ഹൈദരാബാദില്‍ 40 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്.

അതേസമയം സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു.
കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ  സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു.