ഹൈദരാബാദ് സ്‌ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
India
ഹൈദരാബാദ് സ്‌ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd February 2013, 10:30 am

ന്യൂദല്‍ഹി:  ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തില്‍ എന്‍.ഐ.എ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. സ്‌ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. []

സ്‌ഫോടനത്തില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. ജെയിഷെ മുഹമ്മദ്ദ്, അല്‍ബദര്‍ എന്നീ സംഘടനകളടക്കമുള്ള മൂന്ന് തീവൃവാദി സംഘനകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍.

കാശ്മീരിലെ ഏറ്റവും വലിയ ജിഹാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവായ സയിദ് സലാഹുദീനാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനും നേതൃത്വം നല്‍കുന്നത്.

കാശ്മീരില്‍ സൈനിക പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ അക്രമിക്കുന്നതില്‍ വിവിധ സംഘനകള്‍ക്ക് സഹായം നല്‍കുകയായിരുന്നു യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇതുവരെ ചെയ്തിരുന്നത്.

2011ല്‍ ജൂലൈയില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാകാം ഹൈദരാബാദ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന എന്‍ഐഎക്ക് നല്‍കിയിട്ടുണ്ട്.

ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നത്. പ്രതികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ അഞ്ച് പേര്‍ സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

വ്യാഴാഴ്ച്ച വൈകിട്ട് 7.01 ഓടെയാണ് ഹൈദരാബാദിലെ എന്‍ടിആര്‍ നഗറിന് സമീപത്തുള്ള തിരക്കേറിയ തെരുവിലെ കൊണാക് സിനിമാ തിയേറ്ററിന് മുന്നിലും വെങ്കിടാദ്രി സിനിമാ തിയേറ്ററിന് മുന്നിലും സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചു. 100ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

അതേസമയം, സ്‌ഫോടനം നടന്ന നഗരങ്ങളില്‍ ജനജീവിതം സാധാരണ സ്ഥിതിയിലായി. ഇന്നലത്തേതിന് വിപരീതമായി കൂടുതല്‍ വാഹനങ്ങളും ബസുകളുമെല്ലാം ഇന്ന് നിരത്തിലിറങ്ങി.