ഹൈദരബാദ്: പ്രവാചക നിന്ദ നടത്തിയ നരസിംഹാനന്ദിനെതിരെ പരാതി നൽകി മുസ്‌ലിം സംഘടനയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ . (എ.ഐ.എം.ഐ.എം) മുഹമ്മദ് നബിക്കെതിരായ നിന്ദപരമായ പരാമർശത്തിന് പിന്നാലെ ഹിന്ദു പുരോഹിതനെതിരെ ഹൈദരാബാദ് പൊലീസ് കേസ് എടുക്കുകയും ചെയ്തു. രാജ്യത്തെ മുസ്‌ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ സിറ്റി പൊലീസ് കേസെടുത്തത്.
എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള സംഘവും പാർട്ടി എം.എൽ.എമാരും ഹൈദരാബാദ് കമ്മീഷണർ സിവി ആനന്ദിനെ കണ്ടിരുന്നു. ബി.എൻ.എസിൻ്റെ 196(1) (എ) (ബി) (സി), 299, 351, 352, 353(1) (ബി) (സി) 353(2), 353(3) എന്നീ വകുപ്പുകൾ പ്രകാരം പുരോഹിതനെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ഒവൈസി ആവശ്യപ്പെട്ടു.
റാഷിദ് ഖാൻ എന്ന മുഹമ്മദ് പെർവൈസ് ഖാൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാമ്പള്ളി പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) സെക്ഷൻ 196(1), 299, 351(2), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്. യതി നരസിംഹാനന്ദിനെതിരെ വെള്ളിയാഴ്ച രാത്രി ഹൈദരാബാദിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു.
തപ്പചബുത്രയിൽ, പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനുമെതിരെ ആവർത്തിച്ച് മതനിന്ദ പരാമർശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പൊലീസിൽ പരാതി നൽകി റോഡിൽ പ്രകടനം നടത്തി. ഫലക്‌നുമ, ഹുസൈനിയലം, മദന്നപേട്ട്, തപ്പചബുത്ര എന്നീ പൊലീസ് സ്‌റ്റേഷനുകളിലാണ് ഒരു യുവാക്കളുടെ സംഘം പുരോഹിതനെതിരെ പരാതി നൽകിയത്. ഇത് കൂടാതെയാണ് ഇന്ന് മറ്റൊരു മുസ്‌ലിം സംഘടനയായ എ.ഐ.എം.ഐ.എം പരാതി നൽകിയത്.
സെപ്തംബർ 29 ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ ഹിന്ദി ഭവനിൽ ദാസൻ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ നരസിംഹാനന്ദ് നടത്തിയ പ്രസംഗത്തിൽ മുഹമ്മദ് നബിയെ നിന്ദിച്ചിരുന്നു. ഇത് വലിയ തോതിൽ രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തിനിടയിൽ അസ്വസ്ഥത ഉളവാക്കിയിരുന്നു.
എല്ലാ ദസറയിലും നിങ്ങൾക്ക് കോലം കത്തിക്കേണ്ടി വന്നാൽ മുഹമ്മദിൻ്റെ കോലം കത്തിച്ചു കളയുക എന്നായിരുന്നു പുരോഹിതൻ നടത്തിയ പരാമർശം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
ഇത് ആദ്യമായല്ല ഇത്തരത്തിൽ യതി വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇതിന് മുമ്പ് ഹരിദ്വാറിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും ലക്ഷ്യമിടുന്ന പരാമർശമാണ് യതി കൂടുതലായി നടത്തിയിട്ടുള്ളത്. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെതിരെയും യതി പരാമർശം നടത്തിയിട്ടുണ്ട്.
Content Highlight: Hyderabad: AIMIM files complaint against Narsinghanand