കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി
Kerala News
കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th January 2019, 2:19 pm

കോഴിക്കോട്: കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ
തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി.

തെരഞ്ഞെടുപ്പ് പ്രചരണ വേളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്‌ലീം ലീഗിലെ എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് നടപടി. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.

എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാന്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യു.ഡി.എഫ് സ്ഥാനാര്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

2005 ല്‍ വാര്‍ഡ് മെമ്പറായിരിക്കുമ്പോള്‍ എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 20000 രൂപ തട്ടിയെടുത്തെന്ന കേസായിരുന്നു എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ ഉണ്ടായിരുന്നത്. 2006 ല്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കുകയും എം.എ റസാഖ് നിരപരാധിയാണെന്ന് തെളിയുകയും ചെയ്തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഈ കേസ് കാരാട്ട് റസാഖ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും ഉപഭോകതൃ വിഹിതം തട്ടിയെടുത്തെന്ന രീതിയിലുള്ള 50 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ
തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കുക വഴി തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് അഴിമതി നടത്തിയതായി കണ്ടെത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ തന്നെ മണ്ഡലത്തിലെ വിജയിയായി പ്രഖ്യാപിക്കണമെന്ന ലീഗ് സ്ഥാനാര്‍ത്ഥി എം.എ സാഖ് മാസ്റ്ററുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.