| Wednesday, 23rd November 2022, 7:23 pm

വിനീതേട്ടനെ ഫ്രണ്ട്‌സൊന്നും അടുപ്പിക്കില്ല, ആകെയുള്ളത് കുറെ അസിസ്റ്റന്റ്‌സും അസോസിയേറ്റ്‌സും കൊളീഗ്‌സുമാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരസഹോദരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. രണ്ട് പേര്‍ക്കും വ്യത്യസ്തമായ ഇമേജാണ് മലയാള പ്രേക്ഷകര്‍ നല്‍കിയിട്ടുള്ളത്. വിനീതിന്റെ ഒരു കള്ളത്തരവും ഇതുവരെ വീട്ടില്‍ പിടിക്കപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് ധ്യാന്‍. കാരണം വിനീത് അങ്ങനെ കള്ളത്തരങ്ങളൊന്നും കാണിക്കില്ലെന്നും അദ്ദേഹത്തിന് സുഹൃത്തുക്കളൊന്നുമില്ലെന്നും സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘വിനീതേട്ടന്റെ ഒരു കള്ളവും വീട്ടില്‍ പൊക്കിയിട്ടില്ല. പുള്ളി സത്യം മാത്രമേ പറയുകയുള്ളൂ. ഫ്രണ്ട്‌സൊന്നും പുള്ളിയെ അടുപ്പിക്കത്തുപോലുമില്ല. കള്ളുകുടിയില്ല, സിഗരറ്റ് വലിയില്ല, ഇങ്ങനെയുള്ള ഒരാളെ ആരെങ്കിലും പിടിച്ച് കൂടെ നിര്‍ത്തുവോ. അങ്ങനെയുള്ള ആളുകള്‍ക്ക് സുഹൃത്തുക്കളുണ്ടാകുമോ. കുറെ അസിസ്റ്റന്റ്‌സും അസോസിയേറ്റ്‌സും കൊളീഗ്‌സും ഉണ്ട്, ഫ്രണ്ട്‌സൊന്നുമില്ല, പാവമാ. ആദ്യം എന്നെയായിരുന്നു കാര്യം. കല്യാണം കഴിച്ചതോടെ ഞാന്‍ ഔട്ടായി,’ ധ്യാന്‍ പറഞ്ഞു.

ധ്യാനിന്റെ അഭിമുഖങ്ങള്‍ മിക്കവാറും വൈറലാവാറുണ്ട്. ഇതിനെ പറ്റി അടുത്തിടെ വിനീതും പ്രതികരിച്ചിരുന്നു. ‘ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ, അമൃത ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ. അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാ. ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു. അത്പോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ല. ഞാന്‍ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു. അതൊന്നും സിനിമയില്‍ വന്നിട്ടില്ല’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വീകമാണ് ഉടന്‍ റിലീസിന് എത്തുന്ന ധ്യാനിന്റെ ചിത്രം. സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഡിസംബര്‍ 9ന് തിയേറ്ററുകളില്‍ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിര്‍മാണം.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയിലര്‍, നദികളില്‍ സുന്ദരി യമുന എന്നിവയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട ധ്യാനിന്റെ ചിത്രങ്ങള്‍.

Content Highlight: dhyan sreenivasan says vineeth have no friends

We use cookies to give you the best possible experience. Learn more