| Wednesday, 21st August 2019, 8:00 pm

ഹുസുംനഗര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനും ബി.ജെ.പിക്കും ടി.ആര്‍.എസിനും ഒരേ പോലെ നിര്‍ണ്ണായകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇപ്പോള്‍ ചൂടുള്ള വിഷയമാണ് ഹുസുംനഗര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ടി.ആര്‍.എസിനും ഒരേ പോലെ നിര്‍ണ്ണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്.

ഹുസുംനഗറിലെ എം.എല്‍എയായിരുന്ന കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായ ഉത്തംകുമാര്‍ റെഡ്ഡി നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ഭരണകക്ഷിയായ ടി.ആര്‍.എസിനെ സംബന്ധിച്ചിടത്തോളം ഇവിടെ വിജയിച്ചാല്‍ സംസ്ഥാനത്തെ ഭരണമികവ് കാരണമാണ് വിജയം എന്ന് പറയാം. പരാജയപ്പെട്ടാലും സംസ്ഥാന ഭരണത്തിന്റെ മികവ് ചര്‍ച്ചയാവും.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നത് മാത്രമല്ല ലക്ഷ്യം. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പി വരുന്നുവെന്നാണ് ബി.ജെ.പി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇവിടെ വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ആ പ്രചരണം ശരിയാണെന്ന് വരും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 4 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബി.ജെ.പി വന്‍വളര്‍ച്ച നേടുന്നുവെന്ന് ബി.ജെ.പിയുടെ പ്രചരണം ആരംഭിച്ചത്. എന്നാല്‍ ഹുസുംനഗറില്‍ പരാജയപ്പെട്ടാല്‍ ലോക്‌സഭ സീറ്റുകള്‍ ലഭിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാത്രം ലഭിച്ചതാണെന്നും ബി.ജെ.പിക്ക് സംസ്ഥാനത്ത് യാതൊരു വളര്‍ച്ചയുമില്ലെന്നും കോണ്‍ഗ്രസും ടി.ആര്‍.എസും പറയും. അതിനാല്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പി ശ്രമം.

We use cookies to give you the best possible experience. Learn more