Football
തകര്‍ന്നു നില്‍ക്കുന്ന ബെന്‍സിമയും; ഒപ്പം റോണോ സെലിബ്രേഷനും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 16, 10:53 am
Saturday, 16th December 2023, 4:23 pm

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും അല്‍ ഇത്തിഹാദ് പുറത്തായി. അല്‍ അഹ്ലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷമുള്ള അല്‍ അഹ്ലി താരമായ ഹുസൈന്‍ എല്‍ ഷാഹത്ത് നടത്തിയ സെലിബ്രേഷന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗോള്‍ നേടിയതിന് ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐക്കോണിക്ക് സെലിബ്രേഷന്‍ ആയ ‘സിയു’ ആഘോഷം നടത്തുകയായിരുന്നു ഹുസൈന്‍ എല്‍ ഷാഹത്ത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ആയിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഗോളും അതിനു പിന്നാലെയുള്ള ഐതിഹാസികമായ സെലിബ്രേഷനും വന്നത്.

അതേസമയം മത്സരത്തില്‍ 21ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് അലി മാലുയ് ആണ് അല്‍ അഹ്ലിയുടെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്.

ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ഹുസൈന്‍ എല്‍ ഷഹദ് അല്‍ അഹ്ലിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 62ാം മിനിട്ടില്‍ ഇമാം അഷൂര്‍ മൂന്നാം ഗോളും നേടിയതോടെ അല്‍ അഹ്ലി മത്സരം പൂര്‍ണമായും പിടിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയുടെ വകയായിരുന്നു അല്‍ ഇത്തിഹാദിന്റെ ആശ്വാസഗോള്‍ പിറന്നത്. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ ഇത്തിഹാദ് സ്വന്തം മണ്ണില്‍ 3-1ന്റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

അല്‍ ഇത്തിഹാദില്‍ സൂപ്പര്‍ താരങ്ങളായ കരിം ബെന്‍സിമ, ഫാബിഞ്ഞോ, എന്‍ഗോലോ കാന്റെ എന്നീ വമ്പന്‍ താരനിര കളത്തിലിറങ്ങിയിട്ടും അല്‍ ഇത്തിഹാദിന് തോല്‍ക്കാനായിരുന്നു വിധി.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ ഡിസംബര്‍ 18ന് ഈജിപ്ഷ്യന്‍ ക്ലബ്ബായ ഫ്‌ലുമിനെന്‍സുമായാണ് അല്‍ അഹ്ലിയുടെ അടുത്ത മത്സരം. അതേസമയം സൗദി പ്രോ ലീഗില്‍ ഡിസംബര്‍ 23ന് അല്‍ റെയ്ദിനെതിരെയാണ് അല്‍ ഇത്തിഹാദിന്റെ അടുത്ത മത്സരം.

സൗദി ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 28 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബെന്‍സിമയും കൂട്ടരും.

Content Highlight: Hussein El Shahat pulled out Cristiano Ronaldo’s iconic Siuu celebration.