| Monday, 8th June 2020, 6:13 pm

ഗര്‍ഭിണികളെ നാട്ടിലേക്കെത്തിക്കാന്‍ നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ വിദേശ നാടുകളില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ പ്രവാസി മലയാളി ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ വെച്ച് മരിച്ചു.

ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോയി ചെയ്തിരുന്ന നിതിന്‍ ചന്ദ്രന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചത്.

ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭര്‍ത്താവാണ് നിതിന്‍ ചന്ദ്രന്‍. കോണ്‍ഗ്രസ് പ്രവാസ സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലെയും ബ്ലഡ് ഡോണേര്‍സ് കേരളയിലെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. ആറ് വര്‍ഷമായി ദുബായിലായിരുന്നു ഇദ്ദേഹം.
ആതിരയുടെ നിയമപോരാട്ടം ഫലം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ ആതിരയ്ക്ക് പോവാനായത് വലിയ വാര്‍ത്തയായിരുന്നു.

ആതിര നാട്ടിലേക്ക് പോയ ശേഷം നിതില്‍ താമസസ്ഥലത്ത് ഒറ്റയ്ക്കായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒപ്പം നിനേരത്തെ ഹൃദയ സംബന്ധമായി അസുഖത്തിന് നിതിന്‍ ചന്ദ്ര ചികിത്സ തേടിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ജൂണ്‍ അവസാന വാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. ദുബായ് പൊലീസ് ഹെഡ്‌ക്വോട്ടേര്‍സില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനത്തില്‍ മൃതദേഹം കൊണ്ടു പോവാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more