'മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ്, സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ' മന്ത്രിസഭയില്‍; മാതൃഭൂമിക്കെതിരെ വിമര്‍ശനവുമായി ഇടത് പ്രൊഫൈലുകള്‍
Kerala News
'മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ്, സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ' മന്ത്രിസഭയില്‍; മാതൃഭൂമിക്കെതിരെ വിമര്‍ശനവുമായി ഇടത് പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th May 2021, 12:01 pm

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍.

മന്ത്രിസഭയിലെ അംഗങ്ങളെകുറിച്ചുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മന്ത്രിസഭയില്‍, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ മന്ത്രിസഭയില്‍ തുടങ്ങിയ പ്രയോഗങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം.

അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന നിലയിലല്ല മന്ത്രിസഭയില്‍ കയറിയതെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നും ഇടതുപ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറായിരുന്ന പ്രൊഫ. ആര്‍ ബിന്ദു ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്.

മാതൃഭൂമി എം.ഡിയും എല്‍.ഡി.എഫ് മെമ്പറുമായ എം.വി ശ്രേയാംസ് കുമാറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ‘മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ് കുമാറിനെ സ്വന്തം നാടായ കല്പറ്റയിലെ ജനങ്ങള്‍ തോല്‍പ്പിച്ചത് ഇത്‌കൊണ്ട് കൂടിയാണെന്നും’ ഇടത് പ്രൊഫൈലുകള്‍ പറയുന്നു.

മെയ് 20 നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് സി.പി.ഐ.എം മന്ത്രിമാര്‍.

സി.പി.ഐയില്‍ നിന്ന് പി പ്രസാദ്, കെ.രാജന്‍, ജെ. ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകും.

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ചിറ്റയം ഗോപകുമാറിനെയും തെരഞ്ഞെടുത്തു. കെ.കെ ശൈലജയെ സി.പി.ഐ.എം പാര്‍ട്ടി വിപ്പായി നിയമിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  ‘Husband of Chief Minister’s daughter, wife of Secretary of State’ in Cabinet; Left profiles with criticism against Mathrubhumi