ലക്‌നൗ: ദളിത് യുവാവ് അജിതേഷ് കുമാറും ബി.ജെ.പി എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്രയും തമ്മിലുള്ള വിവാഹം സാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ കോടതി യു.പി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ കേസില്‍ ഹാജരാകുന്നതിനായി കോടതിയിലെത്തിയ അജിതേഷിനെ കോടതി പരിസരത്തുവെച്ച് ഒരു സംഘം ആക്രമിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പിതാവില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ സാക്ഷി രംഗത്തുവന്നതോടെയാണ് ഇവരുടെ വിവാഹം വാര്‍ത്തകളില്‍ ഇടംനേടിയത്.
ജൂലൈ നാലിനാണ് ഇരുവരും വിവാഹിതരായത്. ഇത് പ്രഖ്യാപിച്ചതിനു പിന്നാലെ ഇവര്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കേണ്ട അവസ്ഥയായിരുന്നു. ഹൈക്കോടതി ഇടനാഴിയില്‍ അജിതേഷിനെ കറുത്ത കോട്ട് ധരിച്ചെത്തിയ സംഘം മര്‍ദ്ദിച്ചെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അജിതേഷിനെ മര്‍ദ്ദിക്കുന്നതു കണ്ട സാക്ഷി ഉടന്‍ തന്നെ അദ്ദേഹത്തെ സംരക്ഷിക്കാനായെത്തി. ഇതോടെ ഇവരോട് കോടതിക്കുള്ളില്‍ ഇരിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.
നോയിഡ പൊലീസാണ് ദമ്പതികള്‍ക്ക് സുരക്ഷ നല്‍കുന്നത്.
ജൂലൈ നാലിന് രാംജാനകി ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹം ആചാരപ്രകാരം നടത്തിയെന്ന വാദം ക്ഷേത്രത്തിലെ പൂജാരി പിന്നീട് തള്ളിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പൂജാരി ആരോപിച്ചിരുന്നു. ക്ഷേത്രത്തിന് വിവാഹം നടത്തിക്കൊടുക്കാനുള്ള യാതൊരു അധികാരവുമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.