ന്യൂദല്‍ഹി: ഭാര്യയുടെ സമ്മതമില്ലാതെ, നിര്‍ബന്ധിത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ വാദമുന്നയിച്ച് മുതിര്‍ന്ന അഭിഭാഷക. മാരിറ്റല്‍ റേപ്പുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വാദത്തിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുതിര്‍ന്ന അഭിഭാഷകയും അമിക്കസ് ക്യൂരിയുമായ റബേക്ക ജോണാണ് മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്നും, ഭാര്യയുടെ സമ്മതപ്രകാരമില്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കണമെന്നുമുള്ള വാദം ഉന്നയിച്ചത്. അല്ലാത്തപക്ഷം. ഐ.പി.സി സെക്ഷന്‍ 375 മുന്നോട്ട് വെക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് അപവാദമാകുമെന്നും അവര്‍ പറഞ്ഞു.
ജസ്റ്റിസുമാരായ രാജീവ് ശക്‌ദേറിന്റെയും സി. ഹരിശങ്കറിന്റെയും ബെഞ്ചാണ് വാദം കേട്ടത്.
ഐ.പി.സി സെക്ഷന്‍ 376 ഭാര്യയുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍മാരെ സംരക്ഷിക്കുന്നതാണെന്നും ഇത് ഡെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
വിവാഹിതരും അല്ലാത്തവരും തമ്മിലുള്ള ലൈംഗിക സമവാക്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടെന്നും, വിവാഹിതരായവരുടെ കാര്യത്തില്‍ പരസ്പരമുള്ള ലൈംഗികബന്ധം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ടെന്നും, എന്നാല്‍ അവിവാഹിതരുടെ കാര്യത്തില്‍ അത് ഉണ്ടാവില്ലെന്നും റബേക്ക ജോണ്‍ പറഞ്ഞു.
വിവാഹശേഷം ഭര്‍ത്താവിന് ലൈംഗികബന്ധത്തിന് അവകാശമുണ്ടെന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു വാദം ഉന്നയിച്ചിരിക്കുന്നതെന്നും, എന്നാല്‍ അതിനെ അവകാശമായി കാണാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ അത്തരത്തിലൊരു അവകാശം നിലവിലില്ല. അതിനെ അവകാശമെന്ന് വിളിക്കാന്‍ പറ്റില്ല, നമുക്കതിനെ പ്രതീക്ഷയെന്ന് വിളിക്കാം,’ റബേക്ക ജോണ്‍ പറയുന്നു.
ഭര്‍ത്താവിന് ഇത്തരത്തിലൊരു പ്രതീക്ഷ ഉണ്ടായിരിക്കുകയും എന്നാല്‍ ഭാര്യയ്ക്ക് അതിന് സമ്മതമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നിര്‍ബന്ധിത ലൈംഗികബന്ധം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ 34 വര്‍ഷത്തെ അഭിഭാഷകജീവിതത്തില്‍ സ്ത്രീകളെക്കാളേറെ ഞാന്‍ പുരുഷന്‍മാരെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്. പുരുഷന്‍മാര്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരിക്കാം, എന്നാല്‍ ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ ഭാര്യയുമായുള്ള നിര്‍ബന്ധിത ലൈംഗികബന്ധത്തിന് സാധിക്കില്ല. ഇതാണ് ഇക്കാര്യത്തില്‍ എന്റെ ഉത്തരം,’ റബേക്ക ജോണ്‍ പറയുന്നു.
അതേസമയം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും നിയമ പരിരക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം നിയമങ്ങള്‍ സ്ത്രീകളെയും അവരുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം സ്ത്രീകളെക്കാള്‍ ദുര്‍ബലരാണെന്നും റബേക്ക ജോണ്‍ വ്യക്തമാക്കി.