'ഭര്‍ത്താവിന് ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ലൊക്കേഷന്‍ തേടാനാകില്ല'; സ്വകാര്യതാ ലംഘനമെന്ന് കര്‍ണാടക ഹൈക്കോടതി
national news
'ഭര്‍ത്താവിന് ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ലൊക്കേഷന്‍ തേടാനാകില്ല'; സ്വകാര്യതാ ലംഘനമെന്ന് കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2022, 10:38 pm

ബെംഗളൂരു: ഭാര്യയുടെ ഇതര പുരുഷ ബന്ധം തെളിയിക്കാന്‍ ഭര്‍ത്താവിന് മൊബൈല്‍ ലൊക്കേഷന്‍ തേടാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

ഭാര്യക്ക് കാമുകനുമായുള്ള ബന്ധം തെളിയിക്കാന്‍ ടവര്‍ ലൊക്കേഷന്‍ തേടാമെന്ന കുടുംബ കോടതി വിധി തള്ളിക്കൊണ്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിധി.

ഭാര്യയുമായുള്ള ബന്ധം തെളിയിക്കാന്‍ കാമുകന്റെ മൊബൈല്‍ ലൊക്കേഷന്‍ തേടാനാകില്ലെന്നും, ഇത് മറ്റൊരാളുടെ സ്വകാര്യതക്ക് മേലുള്ള ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കുടുംബ കോടതിയുടെ ഉത്തരവ് തള്ളിയത്.

വിവാഹമോചന കേസിന്റെ ഭാഗമായി കാമുകന്റെ ടവര്‍ ലൊക്കേഷന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ ഭര്‍ത്താവിന്റെ ഹരജിയില്‍ 2019ല്‍ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്.

‘ഭാര്യയുടെ ഇതര പുരുഷനുമായുള്ള ബന്ധം തെളിയിക്കുകയാണ് ഭര്‍ത്താവിന്റെ ഉദ്ദശേമെങ്കിലും, മറ്റൊരാളുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ഇക്കാരണത്താല്‍ വെളിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല,’ ഹൈക്കോടതി പറഞ്ഞു.

ഭര്‍ത്താവിന്റെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍, ഭാര്യക്ക് മറ്റൊരാളുമായി ‘അവിഹിത ബന്ധമുണ്ടെന്ന്’ ഭര്‍ത്താവ് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെയും കാമുകന്റെയും കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് അപേക്ഷ നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് ആരോപിച്ച കാമുകന്റെ ടവര്‍ ലൊക്കേഷന്‍ കുടുംബ കോടതി അനുവദിക്കുകയായിരുന്നു. എസ്.എം.എസും കോള്‍ റെക്കോര്‍ഡും പോലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സ്വകാര്യതാ ലംഘനമല്ലെന്ന് കുടുംബ കോടതി നിരീക്ഷിക്കുകയായിരുന്നു.

Content Highlight: Husband Cannot Seek Mobile Tower Location Of Wife’s Alleged Lover To Prove Adultery As It Violates Privacy : Karnataka High Court